gnn24x7

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ; സ്കൂളുകളിലേക്ക് മടങ്ങാൻ സഹായകരമാകുമെന്ന് പ്രതീക്ഷ

0
376
gnn24x7

അബുദാബി: പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള തയാറെടുപ്പിൻറെ മുന്നോടിയായി 3 മുതല്‍ 17 വയസ്സുവരെയുള്ള 900 കുട്ടികളില്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിൻറെ മേല്‍നോട്ടത്തില്‍ യു.എ.ഇ സിനോഫാം കോവിഡ് വാക്‌സിന്‍ ‘ഇമ്യൂണ്‍ ബ്രിഡ്ജ് പഠനം’ ആരംഭിച്ചു. രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. കുട്ടികളുടെ രക്തസമ്മര്‍ദം ഹൃദയമിടിപ്പ് എന്നിവയും പി.സി.ആര്‍ പരിശോധനയും നടത്തിയതിനുശേഷവുമാണ് വാക്‌സിന്‍ നല്‍കുന്നത്. നിരീക്ഷണമുറിയില്‍ 30 മിനിറ്റ് വാക്‌സിനെടുത്തശേഷം കാത്തിരിക്കണം. കുത്തിവെപ്പിനുശേഷം ഓരോ ആഴ്ചയും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായോ എന്ന് അധികൃതരെ അറിയിക്കണം.

വാക്‌സിനേഷന്‍ കുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാന്‍ സഹായിക്കുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ കുട്ടികള്‍ക്കിടയില്‍ പോസിറ്റിവ് കേസുകള്‍ കുറവാണ്. എങ്കിലും പ്രതിരോധ കുത്തിവെപ്പ് എല്ലാവര്‍ക്കും വളരെ പ്രധാനമാണ്.

3 മുതല്‍ 17 വയസ്സുവരെ പ്രായമുള്ളവരിലെ കോവിഡ് വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച്‌ പഠനം നടത്തുന്ന പശ്ചിമേഷ്യയിലെ പ്രഥമ രാജ്യമാണ് യു.എ.ഇ. പഠനത്തിൻറെ പ്രാഥമിക ഫലങ്ങള്‍ ലഭ്യമായാല്‍ ഉടനെ പ്രഖ്യാപിക്കും. വാക്‌സിന്‍ നിര്‍മാണരാജ്യങ്ങളായ ചൈന, അമേരിക്ക, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി 3 മുതല്‍ 17 വയസ്സ് ഗ്രൂപ്പിലുള്ളവര്‍ക്കായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അബുദാബി ക്രൗണ്‍ പ്രിന്‍സിൻറെ കോടതി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാൻറെ മക്കളടക്കമുള്ള രാജകുടുംബാംഗങ്ങളായ കുട്ടികള്‍ വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here