gnn24x7

‘ഞാനും ദൈവമാണ്, നിങ്ങളും’ ഓർമശക്തിക്കു ചുംബന മരുന്ന്, നഗ്നരാക്കി നൃത്തം ചെയ്യിക്കൽ; ആൾദൈവം ഒടുവിൽ കുടുങ്ങി

0
762
gnn24x7

ചെന്നൈ: പോക്സോ കേസിൽ ആൾദൈവം ശിവശങ്കർ ബാബ അറസ്റ്റിലായി. ചെന്നൈയിൽ നിന്നുള്ള സിബിസിഐഡി സംഘം ഗാസിയാബാദിൽ നിന്നാണു കേളമ്പാക്കം സുശീൽ ഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) പിടികൂടിയത്. ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ള പരാതികളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച മഹാബലിപുരം ഓൾവിമൻ പൊലീസ് സ്റ്റേഷൻ ചോദ്യം ചെയ്യലിനു ഹാജരാകാൻ ബാബയ്ക്കു നോട്ടിസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. അന്വേഷണം സിബിസിഐഡിക്കു കൈമാറി സംസ്ഥാന ഡിജിപി ഉത്തരവിട്ടത്തോടെ ശിവശങ്കർ ബാബ ചെന്നൈയിൽ നിന്നു മുങ്ങുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്നു സിബിസിഐഡി സംഘം അവിടെയെത്തിയെങ്കിലും സംഘം എത്തുമ്പോഴേക്കും ആശുപത്രിയിൽ നിന്നും ശിവശങ്കർ രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെയോടെ ഗാസിയാബാദിൽ നിന്നു ഇയാളെ  പിടികൂടുകയായിരുന്നു.

‘ഞാനും ദൈവമാണ്, നിങ്ങളും’ എന്ന സന്ദേശത്തിലൂടെ ഒട്ടേറെപേരെ തന്നിലേക്ക് ആകർഷിച്ച വാണിയമ്പാടി സ്വദേശിയായ ശിവശങ്കർ 1980കളിലാണു ശിവശങ്കർ ബാബയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ബിസിനസ്സിൽ നിന്ന് ആത്മീയതയിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. ചെന്നൈയിലെ ബംഗ്ലാവിൽ 1984ൽ സ്വാമി അയ്യപ്പനു ക്ഷേത്രം പണിതും രത്‌നഗിരി മുരുക ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിനിടെ മണിക്കൂറുകളോളം കരഞ്ഞും ശ്രദ്ധ നേടി. ആത്മീയ ഗുരുവിന്റെ ശരീരം ആത്മാവിൽ നിന്നും വേർപെടുന്നതു നേരിൽ കണ്ടെന്നും ശരീരത്തിൽ നിന്നു സർപ്പം ഉത്ഭവിച്ചെന്നുമുള്ള അദ്ഭുത കഥകളിലൂടെ ആയിരങ്ങളുടെ ദൈവമായി ശിവശങ്കർ മാറുകയായിരുന്നു.

വിദ്യാർഥിനികളെ മുറിയിലേക്കു വിളിച്ചു വരുത്തി നൃത്തം ചെയ്യിപ്പിക്കുക, കുട്ടികളെ ഒപ്പമിരുത്തി മദ്യപാനവും അശ്ലീല ദൃശ്യങ്ങൾ കാണിക്കലും, ഓർമശക്തി നിലനിർത്താൻ ആണെന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥിനികളെ ചുംബിക്കുക തുടങ്ങി നിരവധി പരാതികളാണ് ശിവശങ്കറിനെതിരെ ഉയർന്നുവന്നതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ 2 അധ്യാപികമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സാമൂഹിക, സാസ്കാരിക, ആധ്യാത്മിക കേന്ദ്രമായി ചെന്നൈ കേളമ്പാക്കത്ത് 60 ഏക്കറിലായി പരന്നു കിടയ്ക്കുന്ന ശ്രീരാമരാജ്യം എന്ന ആശ്രമം ശിവശങ്കർ സ്ഥാപിച്ചു. ഇപ്പോൾ വിവാദ കേന്ദ്രമായി മാറിയ സുശീൽ ഹരി ഇന്റർനാഷനൽ സ്കൂളും പാവപ്പെട്ടവർക്കു സൗജന്യ ചികിത്സ നൽകുന്ന ആശുപത്രിയും ഈ ആശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സുശീൽ ഹരി ഇന്റർനാഷനൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ കാഞ്ചീപുരം ജില്ലാ ശിശുക്ഷേമ സമിതി നിർദേശം നൽകി.സ്കൂളിന്റെ പ്രവർത്തനം ഏറ്റെടുക്കാനും സർക്കാരിനു നിർദേശം നൽകി. ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ പ്രത്യേക അനുമതിയോടെ തമിഴ്നാട്ടിലേക്കെത്തിക്കും. ശനിയാഴ്ച ചെങ്കൽപെട്ട് കോടതിയിൽ ഹാജരാക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here