കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം. കേരളത്തിൽ 10 കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തു. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റ് മിനിസ്‌ട്രി ഓഫ് ഹെൽത്തിൽ നഴ്‌സായി ജോലിനോക്കുന്ന 700 മലയാളികൾ തട്ടിപ്പ് നടത്തിയവരുണ്ട്. ആകെ 1425 പേർക്കെതിരെയാണ് കേസ്. 2020-22 കാലത്ത് അൻപത് ലക്ഷം മുതൽ രണ്ട് കോടി വരെയാണ് വിവിധയാളുകൾ ലോൺ എടുത്തത്. ഇത്തരത്തിൽ ലോണെടുത്ത ചിലർ കേരളത്തിലേക്ക് പോയി. ചിലർ കാനഡ, അമേരിക്ക, ഇംഗ്ലണ്ട്ണ്ട് എന്നിവിടങ്ങളിലേക്ക് മുങ്ങി.

തട്ടിപ്പ് നടത്തിയവർ ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്തിരുന്നു. ഗൾഫിലെ ജോലി രേഖകൾ അടക്കം ബാങ്കിന് സമർപ്പിച്ച് നേടിയ വായ്പ ഇവർ കൃത്യമായി അടച്ചു. ഇതിലൂടെ ക്രഡിറ്റ് സ്കോർ ഉയർന്നപ്പോൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുഭ്ഭിയെന്നാണ് കരുതുന്നത്. 50 ലക്ഷം മുതൽ 2 കോടിയിലേറെ രൂപയാണ് ഓരോരുത്തരും വായ്പയെടുത്തിരിക്കുന്നത്. വ്യാപകമായ തട്ടിപ്പ് നടന്നതിനാൽ ഇതിൽ ഏജന്റുമാരുടെ പങ്കുണ്ടോ എന്നും സംശയമുണ്ട്. തട്ടിപ്പുകാരിൽ ഏറെയും കേരളത്തിൽ നിന്നുണ്ട് എന്നതിനാൽ കഴിഞ്ഞ മാസം അഞ്ചിന് ബാങ്ക് അധികൃതർ കേരളത്തിലെത്തി എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തുടർന്ന് തട്ടിപ്പുകാരുടെ വിലാസം കൈമാറി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും.

കുവൈറ്റ് പൗരൻ നൽകിയ പരാതിയിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജിക്കാണ് അന്വേഷണ ചുമതല. കുറ്റകൃത്യം നടന്നത് വിദേശത്താണെങ്കിലും ഇന്ത്യൻ പൗരന്മാരായ പ്രതികൾ കേരളത്തിലേക്ക് മടങ്ങിയതിനാൽ ഇവർക്കെതിരെ ഇവിടെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മലയാളികളുടെ ഈ തട്ടിപ്പ് പ്രവാസി സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നാണക്കേടായി മാറുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
