gnn24x7

ഗർഭിണിയായ 35 കാരിയെ സഹോദരൻ ആശുപത്രി ഐസിയുവിൽ കയറി വെടിവെച്ചുകൊന്നു

0
186
gnn24x7

കുവൈറ്റ് സിറ്റി: ഗർഭിണിയായ 35 കാരിയെ സഹോദരൻ ആശുപത്രി ഐസിയുവിൽ കയറി വെടിവെച്ചുകൊന്നു. രണ്ടുവർഷം മുൻപ് നടന്ന പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് കാരണം. കുവൈറ്റ് സ്വദേശിയായ ഫാത്തിമ അൽ അജ്മിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

നിരവധിതവണ ഫാത്തിമയ്ക്ക് വെടിയേറ്റു. വീട്ടിനുള്ളിൽ ഒരു വയസുകാരനായ മകന്റെ മുന്നിൽ വെച്ചായിരുന്നു ഫാത്തിമയെ ആദ്യം രണ്ട് തവണ സഹോദരൻ വെടിവെച്ചത്. വെടിയൊച്ച കേട്ട് ഒടിയെത്തിയ ഭർത്താവ് ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ എത്തിയ സഹോദരനെ സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് കടത്തിവിട്ടില്ലെങ്കിലും പുറകിലെ വഴിയിലൂടെ ആശുപത്രിയിലേക്ക് പ്രവേശിക്കുകയും ഐസിയുവിനുള്ളിൽ അതിക്രമിച്ചുകയറി നാലുതവണ കൂടി ഫാത്തിമക്ക് നേരെ വെടിവെക്കുകയായിരുന്നു.

കുടുംബത്തെ നാണംകെടുത്തിയെന്ന് ആരോപിച്ചാണ് ക്രൂരമായ കൊല നടത്തിയതെന്ന് വധക്കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ ഹെഷാം അൽ മുല്ലയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഫാത്തിമയുടെ പിതാവും മറ്റൊരു സഹോദരനും വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. എന്നാൽ പെൺകുട്ടി വിവാഹം കഴിക്കുന്നത് മറ്റൊരു വംശക്കാരനായതിനാൽ അംഗീകരിക്കാനാവില്ലെന്ന പിടിവാശിയിലായിരുന്നു കൊല നടത്തിയ സഹോദരൻ.

രണ്ട് വർഷം മുൻപാണ് ഫാത്തി വിവാഹിതയായത്. അന്നു മുതൽ പലതവണ സഹോദരൻ വധഭീഷണി മുഴക്കിയിരുന്നു. ക്രൂരമായ കൊലക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇങ്ങനെ ഒരു സംഭവം കുവൈറ്റിലുണ്ടാകുമെന്ന് ആരും കരുതിയതേയില്ലെന്നും അതും ആശുപത്രിക്കുള്ളിൽ കയറി ഇത്രയും ക്രൂരമായി പ്രതികാര കൊല നടത്തിയയാൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നുമാണ് ആവശ്യം.

കുവൈറ്റ് ദേശീയ അസംബ്ലിയിൽ ഗാർഹീക പീഡനം തടയൽ നിയമത്തിന് അംഗീകാരം ലഭിച്ചത് ആഴ്ചകൾക്ക് മുൻപായിരുന്നു. ഈ ചരിത്ര നിമിഷത്തിന് പിന്നാലെയാണ് ക്രൂരമായ കൊല നടന്നിരിക്കുന്നത്.

ഇത്തരം ദുരഭിമാനക്കൊലകൾ പുതിയതല്ലെങ്കിലും പ്രതി  കോടതിയിൽ കൊലപാതകം സമ്മതിക്കുന്നതോടെ ദുരഭിമാന കൊല അല്ലാതെയാവുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിരവധി കുറ്റവാളികൾ കുവൈറ്റ് ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 153ലെ വ്യവസ്ഥകൾ പ്രകാരം രക്ഷപ്പെടുന്നു. പരപുരുഷനോടൊപ്പമുള്ള അസ്വാഭാവിക ലൈംഗിക പ്രവർത്തിയിൽ ഏർപ്പെട്ട അമ്മയെയോ സഹോദരിയെയോ മകളെയോ ഭാര്യയെയോ കൊലപ്പെടുത്തിയാൽ പരമാവധി മൂന്ന് വർഷം തടവും 3000 കുവൈറ്റ് ദിനാർ വരെ പിഴയും മാത്രമാണ് ലഭിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here