gnn24x7

യുഎഇയുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിന്റെ കടിഞ്ഞാൺ പെൺകരങ്ങളിൽ

0
163
gnn24x7

ദുബായ്: യുഎഇയുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിന്റെ കടിഞ്ഞാൺ പെൺകരങ്ങളിൽ. പദ്ധതിയുടെ ചുമതല വഹിക്കുന്ന ശാസ്ത്ര സഹമന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരിക്ക് ഈ നിയോഗം സ്വപ്ന സാഫല്യം. 2016 ൽ എമിറേറ്റ്സ് സയൻസ് കൗൺസിലിന്റെ ചുമതല ഏറ്റെടുത്തപ്പോൾ മുതൽ ചൊവ്വാ പദ്ധതിയടക്കമുള്ള ബഹിരാകാശ ദൗത്യങ്ങളുടെ സുപ്രധാന ചുമതല വഹിക്കുന്നു. 33 കാരിയായ സാറ 2017 ഒക്ടോബറിലാണ് മന്ത്രിസ്ഥാനമേറ്റത്.

2014ൽ ചൊവ്വാ പദ്ധതി പ്രഖ്യാപിക്കുമ്പോൾ പ്രത്യേക വകുപ്പോ ശാസ്ത്രസംഘമോ ഉണ്ടായിരുന്നില്ല. വെറും 6 വർഷം കൊണ്ട് ലക്ഷ്യം കൈവരിച്ചപ്പോൾ രൂപകൽപനയിലടക്കം പ്രധാന പങ്ക് വഹിച്ചത് വനിതകൾ ഉൾപ്പെടുന്ന 150 സ്വദേശി എൻജിനീയർമാർ. ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ സാറ, ബഹിരാകാശ ഗവേഷണ രംഗത്തും സജീവമായിരുന്നു. എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവർ ദുബായ്സാറ്റ്1, ദുബായ് സാറ്റ് 2 ഉപഗ്രഹ പദ്ധതികളിൽ സുപ്രധാന പങ്കാളിയായി.

വിദേശരാജ്യങ്ങളിൽ നടന്ന ശാസ്ത്ര-സാങ്കേതിക സമ്മേളനങ്ങളിൽ യുഎഇയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2017ൽ പേടക ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുമ്പോഴും പരീക്ഷണ ഘട്ടങ്ങളിലും നേതൃ സ്ഥാനത്ത് സാറയും ഉണ്ടായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ 6 വർഷങ്ങൾ പിന്നിട്ടാണ് യുഎഇ വിജയത്തിലേക്കു കുതിച്ചതെന്ന് സാറ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here