റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ട സഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം പരിശോധിക്കുന്നത്.
ഇത്തവണത്തെ ഹജ്ജ് യാത്ര വിലക്കണമോ എന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് ഒരു സൗദി അധികൃതന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വ്യക്തമാക്കിയത്. അതേ സമയം തീര്‍ത്ഥാടകരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.
ഹജ്ജ് യാത്ര പിന്‍വലിക്കുകയാണെങ്കില്‍ 1932 ല്‍ സൗദി അറേബ്യ സ്ഥാപിതമായതിനു ശേഷം ആദ്യമായി എടുക്കുന്ന നടപടിയായിരിക്കും ഇത്. ഈ വര്‍ഷം ജൂലൈയിലാണ് ഹജ്ജ് സീസണ്‍ തുടങ്ങുന്നത്.
ഒരു വര്‍ഷം 20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഹജ്ജിനായി സൗദിയിലെത്തുന്നത്. 12 ബില്യണ്‍ ഡോളറാണ് ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിലൂടെ സൗദി ഖജനാവില്‍ ഒരു വര്‍ഷമെത്തുന്നത്.
ഹജ്ജ് യാത്രക്ക് സൗദി അനുമതി നല്‍കിയാലും വിവിധ രാജ്യങ്ങള്‍ ഇതിനുകൂല നയമല്ല സ്വീകരിക്കുന്നത്. 2020 ല്‍ ഹജ്ജ് നടക്കാന്‍ സാധ്യതയില്ലെന്നും യാത്ര റദ്ദാക്കലിനായി അപേക്ഷിക്കാത്തവര്‍ക്കു പോലും മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നാണ് ഇന്ത്യയിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷം പേരാണ് ഹജ്ജിനായി സൗദിയിലെത്താറ്.
2020 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് രാജ്യത്ത് നിന്ന് ആരും സൗദിയിലേക്കില്ലെന്ന് ഇന്തോനേഷ്യ നേരത്തെ അറിയിച്ചിരുന്നു. ഹജ്ജ് യാത്ര സംബന്ധിച്ച് സൗദിയില്‍ നിന്ന് ഇതു സംബന്ധിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ഇന്ത്യോനേഷ്യ അറിയിച്ചിരിക്കുന്നത്.സിംഗപ്പൂറും ഇതേ നിലപാടാണ് സ്വീകരിച്ചത്.
രാജ്യത്തെ എണ്ണ ഇതര മേഖലയില്‍ നിന്നുള്ള 20 ശതമാനം ജി.ഡി.പി മക്ക തീര്‍ത്ഥാടനം വഴിയാണ്. ആകെ ജി.ഡി.പിയുടെ ഏഴ് ശതമാനവും. ഹജ്ജ്, ഉംറ തീര്‍ത്ഥാടന യാത്ര കൊവിഡ് കാരണം വിലക്കുന്നത് സൗദി വരുമാനത്തെ കാര്യമായി ബാധിക്കും.