gnn24x7

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ പറഞ്ഞു പരിഹരിക്കുമെന്ന് ആര്‍മി തലവന്‍ എം.എം നരവാണെ

0
156
gnn24x7

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ പറഞ്ഞു പരിഹരിക്കുമെന്ന് ആര്‍മി തലവന്‍ എം.എം നരവാണെ. ഇരു രാജ്യങ്ങളുടെയും ഉന്നത തലത്തിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടന്ന് ഒരാഴ്ചക്ക് ശേഷമാണ് ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥന്റെ വിശദീകരണം പുറത്തു വരുന്നത്.

‘ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലൂടെ തന്നെ കാര്യങ്ങള്‍ പരിഹരിക്കും,’ നരവണെ എ.എന്‍.ഐയോട് പറഞ്ഞു.

നിലവില്‍ ഇന്ത്യ നേരിടുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും സൈനിക മേധാവി പറഞ്ഞു.

‘ചൈനയുമായി തുടര്‍ന്നു വരുന്ന അതിര്‍ത്തി പ്രശ്‌നം നിലവില്‍ നിയന്ത്രണ വിധേയമാണ്. കമാന്‍ഡര്‍മാരടക്കമുള്ളവരുമായി നിലവില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്,’ നരവാണെ പറഞ്ഞു.

ജൂണ്‍ ആറിന് നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിരുന്നില്ല. അതേസമയം ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയുടെ ആവശ്യങ്ങളൊന്നും തന്നെ ചൈന പരിഗണിച്ചില്ലെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലഡാക്കിലെ ഗല്‍വാന്‍ വാലിയെ സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ തയ്യാറായില്ലെന്ന് ചൈന അറിയിച്ചതായി ഇന്ത്യന്‍ സൈനിക കാര്യ വിദഗ്ധനും മുന്‍ സൈനികനുമായ അജയ് ശുക്ല വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഗല്‍വാന്‍ നദീതാഴ്‌വര സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച ഇന്ത്യയും ചൈനയും തമ്മില്‍ സമാധാനപരമായ ചര്‍ച്ചയാണ് നടന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം ചര്‍ച്ചയ്ക്ക് ശേഷം യോഗത്തിലെ തീരുമാനങ്ങളെ സംബന്ധിച്ച് സംയുക്ത പ്രസ്താവനകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇരു സര്‍ക്കാരുകളും ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിരുന്നില്ല.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നുഴഞ്ഞു കയറിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. വയറിന്റെ റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് ചൈനീസ് സൈന്യം കടന്നു കയറിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തില്‍ നിന്നു തന്നെ മറഞ്ഞു നില്‍ക്കുകയാണ്,” രാഹുല്‍ ട്വീറ്റ് ചെയ്തു.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലവില്‍ രൂക്ഷമായിരിക്കുന്നത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here