അബുദാബി: മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 5 സ്ത്രീകൾ അടക്കം 6 പേർ മരിച്ചു. 19 പേർക്കു പരുക്കേറ്റു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽറാഹ ബീച്ച് സ്ട്രീറ്റിനു സമീപം ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. മരിച്ചവരിൽ ഒരാൾ നേപ്പാൾ സ്വദേശിയും മറ്റൊരാൾ ശ്രീലങ്കൻ സ്വദേശിയുമാണെന്നാണ് റിപ്പോർട്ട്. മിനി ബസ് ഓടിച്ച പാക്കിസ്ഥാനി ഡ്രൈവറാണ് മരിച്ച മറ്റൊരാൾ.
മറ്റു 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതേസമയം പരുക്കേറ്റ 19ൽ 16 പേർ നേപ്പാൾ സ്വദേശികളാണെന്ന് നേപ്പാൾ എംബസി സ്ഥിരീകരിച്ചു. അൽറഹ്ബ, മഫ്റഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പരുക്കേറ്റവരിൽ ചിലർ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. അശ്രദ്ധയോടെ വന്ന മറ്റൊരു വാഹനം ട്രക്കിനെ മറികടന്നതാണ് അപകടത്തിലേക്കു നയിച്ചതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നതായി പൊലീസ് സൂചിപ്പിച്ചു.
ഈ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ട്രക്ക് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതോടെ തൊട്ടു പിന്നിലെത്തിയ മിനി ബസ് ട്രക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങളും പരുക്കേറ്റവരെയും വിവിധ ആശുപത്രികളിലേക്കു മാറ്റി. അപകടത്തെ തുടർന്ന് ഈ റോഡിലെ ഗതാഗതം മണിക്കൂറിലേറെ സ്തംഭിച്ചു. രാവിലെ ജോലിക്കു പോകുന്ന സമയമായതിനാൽ പലരും ഗതാഗതക്കുരുക്കിൽ കുടുങ്ങി. യാത്രക്കാർ മറ്റു റോഡുകളെ ആശ്രയിച്ചതോടെ ബദൽറോഡുകളെല്ലാം ഗതാഗതക്കുരുക്കിലമർന്നു.