gnn24x7

ആണവോർജ രംഗത്ത് ചരിത്രം കുറിച്ച് യുഎഇ

0
157
gnn24x7

അബുദാബി: ആണവോർജ രംഗത്ത് ചരിത്രം കുറിച്ച് യുഎഇ. അബുദാബി അൽദഫ്റയിലെ ബറാക ആണവോർജ പ്ലാന്റിൽ ഉൽപാദനം ആരംഭിച്ചതോടെ നേട്ടങ്ങളുടെ ട്രാക്കിൽ യുഎഇയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടിയായി. സമാധാന ആവശ്യങ്ങൾക്കായി അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും യുഎഇക്കു സ്വന്തം. 4 റിയാക്ടറുകളുള്ള ബറാക ആണവോർജ പദ്ധതിയിലെ ആദ്യ റിയാക്ടറിലാണ് ഉൽപാദനം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് രാജ്യത്തിന്റെ ചരിത്ര വിജയം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ബറാക ന്യൂക്ലിയർ എനർജി സ്റ്റേഷനിൽ അഞ്ചര മാസം മുൻപ് പ്രവർത്തനാനുമതി ലൈസൻസ് നേടിയ ശേഷം ആഴ്ചകൾ നീണ്ട പരീക്ഷണത്തിന് ഒടുവിലായിരുന്നു ഉൽപാദനം. രാജ്യത്തിന്റെ നേട്ടത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റഗുലേഷനിൽ നിന്ന് ഫെബ്രുവരിയിൽ പ്രവർത്തനാനുമതി ലൈസൻസ് ലഭിച്ചതു മുതൽ പരീക്ഷണഘട്ടം തുടങ്ങിയിരുന്നു. 12 വർഷം നീണ്ട അധ്വാനത്തിനൊടുവിലാണ് ഉൽപാദനം ആരംഭിച്ചത്. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവോർജ പദ്ധതി എണ്ണയിതര മേഖലയിൽ യുഎഇ നടത്തുന്ന വൻ മുന്നേറ്റങ്ങളിൽ പ്രധാനപ്പെട്ടതാണ്.

പദ്ധതിയിൽ പ്രത്യേക പരിശീലനം നേടിയ 20,000ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നു. ആണവ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാൻ അതിനൂതന സാങ്കേതിക, നിർമാണ രീതികളാണ് ബറാക ആണവോർജ പ്ലാന്റിൽ അവലംബിച്ചത്. ഭൂചലന സാധ്യതയില്ലാത്ത മേഖലയിലായിരുന്നു നിർമാണം. കടലിനോടു ചേർന്നായതിനാൽ ശീതീകരണ സംവിധാനങ്ങൾക്കും മറ്റും എപ്പോഴും വെള്ളം ലഭ്യമാകും.സുരക്ഷയും കാര്യക്ഷമതയും കൂട്ടാൻ പ്രഷറൈസ്ഡ് വാട്ടർ റിയാക്ടർ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തിയത്. യുഎഇ ആണവോർജ പദ്ധതി സംശുദ്ധവും സുരക്ഷിതവും സാധ്യതകളാൽ‍ സമ്പന്നവുമാണെന്നു രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) ഉറപ്പാക്കിയിട്ടുണ്ട്.‌

നേട്ടം ഊർജ ഉപയോഗത്തിൽ 25 ശതമാനം

ആണവോർജ പദ്ധതിയിലെ 4 റിയാക്ടറുകളും പ്രവർത്തന സജ്ജമാകുന്നതോടെ യുഎഇയുടെ ഊർജ ഉപയോഗത്തിൽ 25 ശതമാനം സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. സുരക്ഷിതം, സംശുദ്ധം, വിശ്വാസ്യത എന്നീ സവിശേഷതകളുള്ള ആണവോർജം ഉൽപാദിപ്പിക്കുന്നതിലൂടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനാകും എന്നതാണ് നേട്ടം. ഘട്ടം ഘട്ടമായി ഊർജോൽപാദനം വർധിപ്പിച്ച് 15%ൽ എത്തുന്നതോടെ യുഎഇ പവർ ഗ്രിഡുമായി ബന്ധിപ്പിക്കും. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ സഹോദര സ്ഥാപനമായ നവാഹ് എനർജി കമ്പനിക്കാണ് നടത്തിപ്പു ചുമതല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here