ദുബായ്: സൈബർ സാങ്കേതിക രംഗത്തെ മികച്ച സ്ഥാപനങ്ങളെ ആകർഷിക്കാൻ നേരിട്ടുള്ള വിദേശ നിക്ഷേപം യുഎഇ ക്ഷണിച്ചു. ഡിജിറ്റൽ രംഗത്ത് കഴിവുള്ള വിദഗ്ധർക്കും വാതിൽ തുറക്കുകയാണ് രാജ്യം. 300 ഐടി സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തന കേന്ദ്രം യുഎഇ ആക്കുന്നതിനുള്ള എല്ലാ സഹായവും രാജ്യം വാഗ്ദാനം ചെയ്യുന്നു.
സോഫ്റ്റ് വെയർ ഡവലപ്പേഴ്സ്, ഡാറ്റസയന്റിസ്റ്റ്, കോഡിങ് വിദഗ്ധർ എന്നിവർക്കും നേരിട്ടു നിക്ഷേപം നടത്താം. വിപണിയിൽ ചുവടുപ്പറിപ്പക്കാൻ എല്ലാ നടപടിക്രമങ്ങളും ലളിതമാക്കിയാണ് രാജ്യം ഐടി വിദഗ്ധരെ സ്വാഗതം ചെയ്യുന്നത്. ലൈസൻസ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാനും ജീവനക്കാർക്ക് ഒരുമിച്ചു വീസ എടുക്കാനും ബാങ്കിങ് സേവനം ലഭ്യമാക്കാനും താമസ സൗകര്യം ഒരുക്കാനുമെല്ലാം സഹായം ഉറപ്പു നൽകുന്നു.
ഇതിനോടകം 7 കമ്പനികൾ നേരിട്ടുള്ള നിക്ഷേപത്തിനു ധാരണാ പത്രം ഒപ്പുവച്ചു. നെക്സ്റ്റ് ജെൻ എഫ്ഡിഐ എന്നു പേരിട്ടിരിക്കുന്ന നിക്ഷേപ സൗഹാർദ പദ്ധതിക്ക് ഇന്ത്യയിൽ നിന്ന് അടക്കം മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. ഇവിടേക്കു പ്രവർത്തനം മാറ്റാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കു ലോക നിലവാരത്തിലുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നു വിദേശവ്യാപാര മന്ത്രാലയം സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയോദി പറഞ്ഞു.
പുതിയ കണ്ടുപിടിത്തങ്ങളുടെ ആസ്ഥാനമായി രാജ്യത്തെ മാറ്റിയെടുക്കുന്നതിനു കൂടിയാണ് നെക്സ്റ്റ് ജെൻ എഫ്ഡിഐ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്ഥാപനത്തിന് മികച്ച ആശയമുണ്ടെങ്കിൽ അത് യാഥാർഥ്യമായി കാണാൻ യുഎഇ ആഗ്രഹിക്കുന്നു. അതിനു വേണ്ടുന്നതെല്ലാം രാജ്യം ഒരുക്കിയെന്നും മന്ത്രി പറഞ്ഞു.
അതിവേഗം വളരുന്ന രാജ്യത്തിന്റെ സാമ്പത്തിക രംഗം ഈ വർഷം 4.2% വളർച്ച നേടുമെന്നാണ് ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ പ്രവചനം. ലോക രാഷ്ട്രങ്ങൾ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ യുഎഇയിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. പുതിയ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടം എന്ന നിലയിൽ ഈ വർഷം ഏപ്രിലിൽ രാജ്യാന്തര തലത്തിൽ രാജ്യം ഒന്നാം സ്ഥാനം നേടിയിരുന്നു.




































