gnn24x7

മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ് രാജ്യം വിടേണ്ടതെന്ന് സൂചന

0
230
gnn24x7

ദുബായ്: മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ് രാജ്യം വിടേണ്ടതെന്ന് സൂചന. ഇതു സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ദുബായിലും വടക്കൻ എമിറ്റേറ്റിലും ഉള്ളവരിൽ മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ആദ്യം ഇന്ത്യൻ കോൺസുലേറ്റിലാണ് ഔട്ട് പാസിന് അപേക്ഷിക്കേണ്ടത്. ഈ സേവനം വിവിധ ഇന്ത്യൻ അസോസിയേഷനുകളും നൽകുന്നുണ്ട്.

പിഴ ഇളവിന് അപേക്ഷിക്കാം

മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത് അതിനു മൂന്നു ദിവസം മുമ്പ് ദുബായ് എയർപോർട്ട് ടെർമിനൽ രണ്ടിൽ പിഴ ഇളവിനുള്ള സർട്ടിഫിക്കറ്റിനും അപേക്ഷിക്കണമെന്ന് ദുബായ് അൽ സോറ ട്രാവൽ ഏജൻസി ജനറൽ മാനേജർ ജോയ് തോമസ് വ്യക്തമാക്കി. എയർപോർട്ടിൽ യാത്രാദിവസം എമിഗ്രേഷനിൽ 400 ദിർഹവും അടയ്ക്കണം. ഇങ്ങനെ പോകുന്നവരുടെ പാസ്പോർട് റദ്ദാക്കും. എന്നാൽ ഇവർക്ക് പിന്നീട് പുതിയ പാസ്പോർട്ടിൽ വീണ്ടും യുഎഇയിലേക്ക് വരാം. അബുദാബിയിലുള്ളവർ ഇന്ത്യൻ എംബസിയിൽ അപേക്ഷിക്കണം.

മാർച്ചിനു മുൻപ് വീസ കഴിഞ്ഞവർ

അതേസമയം മാർച്ച് ഒന്നിനു ശേഷം വീസ കാലാവധി കഴിഞ്ഞവർ ഓഗസ്റ്റ് 10ന് മുമ്പ് രാജ്യം വിടുകയോ വീസ സ്റ്റാറ്റസ് മാറ്റിയെടുക്കുകയോ വേണം. ഇവർക്ക് പുതിയ എംപ്ലോയ്മെന്റ് വീസയിലോ ടൂറിസ്റ്റ് വീസയിലോ രാജ്യത്ത് തുടരാം. 30 ദിവസത്തേക്കോ 90 ദിവസത്തേക്കോ വീസ പുതുക്കി കിട്ടും. ഇതിനൊപ്പം പത്തുദിവസം ഗ്രേസ് പീരിയഡും ലഭിക്കും. അങ്ങനെ 100 ദിവസം രാജ്യത്ത് തുടരാനാകുമെന്നും ജോയി തോമസ് വ്യക്തമാക്കി. കഴിഞ്ഞദിവസം വീസ മാറ്റിയെടുത്തവർക്ക് നവംബർ 12 വരെ കാലാവധി ലഭിച്ചു.അതേസമയം അബുദാബി വീസയുള്ളവർക്ക് ഐസിഎ നിർദേശം അനുസരിച്ച് ഓഗസ്റ്റ് പത്തിനു ശേഷം 30 ദിവസ ഗ്രേസ് പീരിയിഡിന് അപേക്ഷിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് വ്യക്തതയില്ല.

വിസിറ്റിങ് വീസ പുതുക്കാൻ

ദുബായിലെ ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്) വിസിറ്റിങ് വീസ പുതുക്കുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത്തിഹാദ് എയർവേയ്സും മറ്റൊരു ഏജൻസി വഴി പുതുക്കി നൽകുന്നുണ്ട്. 1750 ദിർഹം വരെ ഈടാക്കുന്നു. ദുബായിൽ 1850 മുതൽ 2050 ദിർഹം വരെ നൽകണം.എന്നാൽ ഇതിന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ വ്യത്യസ്ത രീതികളും നിരക്കുമാണ്. അബുദാബിയിൽ വീസ പുതുക്കലിന് കുറഞ്ഞത് ഒരാഴ്ചയെടുക്കും. അപേക്ഷ നിരസിച്ചാൽ പണം മടക്കിക്കിട്ടില്ല.

മടങ്ങിയില്ലെങ്കിൽ പിഴ

ദുബായ് വീസ കാലാവധി കഴിഞ്ഞവർ ഓഗസ്റ്റ് 10ന് ശേഷവും സ്റ്റാറ്റസ് മാറ്റാതെ രാജ്യത്ത് തുടർന്നാൽ ജൂലൈ 11 മുതലുള്ള ഓവർസ്റ്റേ പിഴ നൽകണം. ആദ്യദിനം 200 ദിർഹവും പിന്നീട് രാജ്യത്ത് തുടരുന്ന ഒരോ അധിക ദിനത്തിനും 100 ദിർഹവുമാണ് പിഴ.

ദുബായിൽ 142 പേർക്ക് പിഴ ഇളവ്

ദുബായ്∙ മാർച്ച് ഒന്നിന് മുമ്പ് വീസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിട്ടു പോകാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യുഎഇ സർക്കാർ ആയിരക്കണക്കിന് ദിർഹം പിഴ ഇളവ് ചെയ്തു. ദുബായ് കോൺസുലേറ്റ് വഴി മാത്രം 142 ഇന്ത്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. ഇതിനു പുറമേ അബുദാബി എംബസി വഴിയും ഒട്ടേറെ പേർക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. രേഖകളില്ലാതെ താമസിക്കുന്നവർക്ക് ഉൾപ്പെടെ രാജ്യം വിടാൻ ലഭിക്കുന്ന അവസരമാണിത്. ഈദിന് മുമ്പു തന്നെ എണ്ണൂറോളം അപേക്ഷകൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വഴി നൽകി. മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 17ന് മുമ്പ് രാജ്യം വിടാം. പിഴ ഇളവ് ലഭിച്ചവർ യാത്രക്ക് വിമാനത്താവളത്തിൽ പതിവിലും നേരത്തേ എത്തണമെന്നും നീരജ് അഭ്യർഥിച്ചു. വിമാനത്താവളത്തിലും ചില നടപടികൾ പൂർത്തിയാക്കാനുള്ളതു കൊണ്ടാണിത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here