gnn24x7

സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും.

0
197
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും. ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന പേരിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആയുർവേദ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു. വിദഗ്ധസമിതി റിപ്പോർട്ടും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കർമപദ്ധതി.

തദ്ദേശസ്ഥാപനങ്ങളെയടക്കം സഹകരിപ്പിച്ച് സംസ്ഥാന, മേഖലാ, ജില്ലാതലങ്ങളിൽ പ്രതികരണ സെല്ലുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മൂന്ന് ആയുർവേദ മെഡിക്കൽ കോളേജുകൾ മേഖലാതലത്തിൽ കോവിഡ് 19 പ്രതികരണ സെല്ലുകളായി മാറ്റാനാണ് ആലോചിച്ചിട്ടുള്ളത്. സെല്ലുകളിലേക്ക് ആവശ്യമായ വിദഗ്ധരെ ഉടൻ നിയോഗിക്കും. ഇന്ത്യൻ സ്റ്റിസ്റ്റംസ് ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയ്ക്ക് കീഴിലുള്ള ആയുർവേദ ഡിസ്പെൻസറികൾ വഴിയാണ് പദ്ധതി നടപ്പാക്കുക.

പ്രതിരോധത്തിന് നാലുപരിപാടികൾ

സ്വാസ്ഥ്യം- ഭക്ഷണക്രമം, ജീവിതശൈലി, പെരുമാറ്റം എന്നിവയിലൂന്നിയുള്ള പ്രതിരോധ പ്രവർത്തനം. പ്രായം, രോഗസാധ്യത എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഏഴുസംഘമായിത്തിരിച്ചാണ് ഇതാവിഷ്‌കരിക്കുക. മരുന്നുപയോഗം കുറച്ച് ശാരീരിക, മാനസികാരോഗ്യത്തിനൊപ്പം 20 മിനിറ്റുവരെ നീളുന്ന യോഗയും ഇക്കൂട്ടത്തിലുണ്ടാകും. ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും ഇതുപകരിക്കും. വീട്ടിൽ ഇരിക്കേണ്ടിവരുന്നവർ ശീലിക്കേണ്ട ഭക്ഷണരീതിയടക്കം നിർദേശിക്കും. ലഘുവ്യായാമമുറകൾ സംബന്ധിച്ച 15 മിനിറ്റുവരെ നീളുന്ന വീഡിയോകൾ പ്രചരിപ്പിക്കും. രോഗസാധ്യതയുള്ള ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നുകൾ നൽകും.

സുഖായുഷ്യം- അറുപതിനുമേൽ പ്രായമുള്ളവർക്കുള്ള പ്രത്യേക കരുതൽ പദ്ധതി. പൊതു ആരോഗ്യവും മാനസിക ബലവും നൽകുന്നതിനൊപ്പം അണുബാധയേൽക്കാതിരിക്കാനുള്ള പരമാവധി കരുതൽ ഒരുക്കും. വ്യായാമം, ഭക്ഷണം, എണ്ണ തേച്ചുള്ളകുളി തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചാണ് സംരക്ഷണം. ആവശ്യമായവർക്ക് മരുന്നുകളും ലഭ്യമാക്കും.പുനർജനി- രോഗം ഭേദമായവരുടെ ആരോഗ്യ സംരക്ഷണം. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം 14 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞ് അവരെ പൂർണ ആരോഗ്യവാന്മാരായി തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. ഓരോ രോഗിയെയും സന്ദർശിച്ച് അവർ കഴിക്കുന്ന മരുന്നുകൾ മാറ്റാതെതന്നെ ആയുർവേദത്തെക്കൂടി ഉപയോഗപ്പെടുത്തും.

നിരാമയ- ആയുർവേദ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള വെർച്വൽ പ്ലാറ്റ്ഫോം. ആയുർവേദ കോളേജുകളിൽ ഏർപ്പെടുത്തിയ വെർച്വൽ ഒ.പി.യുമായി സഹകരിച്ച് പ്രവർത്തനം. രോഗികൾക്കാവശ്യമായ കൗൺസലിങ് അടക്കമുള്ള സംശയനിവാരണവും ഇതുവഴി നൽകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here