gnn24x7

സംസ്ഥാനത്ത് കൊറോണ വൈറസ്; ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

0
305
gnn24x7

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്.

ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം പുലര്‍ച്ചെ 1 മണിക്കാണ് അവസാനിച്ചത്‌.

രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമുള്ളത്ര ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച മുതല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ശനിയാഴ്ച സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തതായും അവര്‍ പറഞ്ഞു. കളക്ടറേറ്റില്‍ 11 മണിക്കാണ് യോഗം നടക്കുക.

രോഗബാധിത പ്രദേശത്തുനിന്നെത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കൊറോണ വൈറസ് പരിശോധനയ്ക്കുള്ള കേരളത്തിലെ ആദ്യ സംവിധാനം രണ്ടുദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ഒരുങ്ങും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതയും മന്ത്രി പറഞ്ഞു.

കേരളത്തിലാകെ 1053പേര്‍ രോഗബാധിത പ്രദേശത്തുനിന്ന് എത്തിയിട്ടുണ്ട്. ഇവരില്‍ 15പേര്‍ ആശുപത്രികളിലും 1038 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനില്‍നിന്നെത്തിയ 11 പേര്‍ തൃശൂരിലുണ്ട്. ഇതില്‍ നാലുപേരെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈ മൂന്നുപേരെയും മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരേ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here