gnn24x7

കൊറോണ വൈറസ്; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
176
gnn24x7

ബീജിങ്: കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതോടെ യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും.

രോഗനിര്‍ണയം, മുന്‍കരുതല്‍ നടപടികള്‍, ചികില്‍സാസൗകര്യം എന്നിവയ്ക്കായി വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്പന്ന രാജ്യങ്ങളും തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചു.

അതേസമയം, ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു.  9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫിസുകള്‍ പൂട്ടി.

ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്ത്രേലിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലം കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഭീതിജനകമായ സാഹചര്യം ഉണ്ടാകരുതെന്നും കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഇത്തരത്തിലള്ള അനുഭവം ഉണ്ടായതിനാല്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു.
ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here