ഇന്‍സുലിനോട് പ്രതികരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ഇത് ഒടുവില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അസാധാരണമായ മെറ്റബോളിസത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം, വ്യായാമം, യോഗ, പ്രതിദിനം ഭക്ഷണത്തില്‍ ശ്രദ്ധ എന്നിവ ഉള്‍പ്പെടുന്ന ശക്തമായ ദിനചര്യ പിന്തുടരേണ്ടതും പതിവായി മരുന്നുകളും ആരോഗ്യ പരിശോധനകളും നടത്തേണ്ടതും അത്യാവശ്യമാണ്.
ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണത്തിലൂടെ പ്രമേഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ നേരിടാന്‍ ഭക്ഷണത്തിലൂടെയുള്ള നിയന്ത്രണം പ്രധാനമാണ്. ഡ്രൈ ഫ്രൂട്‌സും നട്‌സും പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
നിശ്ചിത അളവില്‍ നട്‌സ്
അവശ്യ പോഷകങ്ങളും സൂക്ഷ്മ പോഷകങ്ങളും ലഭിക്കുന്നതിന് ദിവസവും ഒരു നിശ്ചിത അളവില്‍ നട്‌സ് കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. പ്രമേഹത്തിന് അനുയോജ്യമായ ഒരു ആരോഗ്യകരമായ ഭക്ഷണമാണ് പിസ്ത. ശരിയായ അളവില്‍ കഴിക്കുകയാണെങ്കില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
നിയന്ത്രിക്കാന്‍ പിസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും പ്രധാനമാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പിസ്ത പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പാണ്. പിസ്ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷണത്തോടുള്ള ആസക്തി
നിയന്ത്രിക്കുന്നു ആരോഗ്യഗുണങ്ങളാല്‍ പിസ്ത വളരെക്കാലമായി അറിയപ്പെടുന്നു. പിസ്തയുടെ ഉപഭോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മിലുള്ള ബന്ധം നിരീക്ഷിക്കാന്‍ ധാരാളം ഗവേഷണങ്ങളും നടന്നിട്ടുണ്ട്. പിസ്ത കഴിച്ചതിനുശേഷം പ്രമേഹരോഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിന് മുമ്പായി അവ കഴിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തോടുള്ള നിങ്ങളുടെ ശരീരത്തിന്റെ ആസക്തി നിയന്ത്രിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം അനുസരിച്ച്, പിസ്ത കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിലെ സമ്മര്‍ദ്ദത്തോടുള്ള രക്തക്കുഴലുകളുടെ പ്രതികരണത്തെ കുറയ്ക്കുമെന്നാണ്.
ടൈപ്പ് 2 പ്രമേഹത്തിന് ഉത്തമം
ഇന്‍സുലിന്‍ പ്രതിരോധം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള രോഗികളില്‍ സാധാരണയായി കണ്ടുവരുന്നതാണ് ടൈപ്പ് 2 പ്രമേഹം. ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന അപകട ഘടകമാണ് അമിതവണ്ണം. പ്രമേഹരോഗികള്‍ ദിവസവും പിസ്ത കഴിക്കുന്നത് സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുകയും ഹൃദയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ള മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍, പ്രതിദിനം രണ്ട് തവണ പിസ്ത കഴിക്കുന്നത് സമ്മര്‍ദ്ദസമയത്ത് രക്തക്കുഴലുകളുടെ പ്രയാസം കുറയ്ക്കുകയും ഹൃദയത്തിന്റെ ന്യൂറല്‍ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ചു.