gnn24x7

കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്നു സൂചന

0
194
gnn24x7

ജയ്പുർ: കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്നു സൂചന. ചില കോൺഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനയുമാണ് ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്.സച്ചിൻ പൈലറ്റിന്റെ അടുപ്പക്കാരനായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ്ങിന്റെ നിലപാട് മാറ്റം സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത് .

പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് ക്യാംപെയ്നു വിശ്വേന്ദ്ര സിങ്ങ് പിന്തുണയുമായി രംഗത്തു വന്നതും അദ്ദേഹത്തിന്റെ ട്വീറ്റുകൾക്ക് അടുത്ത കാലത്തായി ബിജെപി നേതാക്കളിൽനിന്നു ലഭിക്കുന്ന വലിയ പിന്തുണയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കങ്ങളും ഈ വാദത്തിനു പിൻബലം നൽകുന്നു.എംഎൽഎമാരെ വാങ്ങി അവരുടെ കൂടെയാക്കുക എന്ന ഒരേയൊരു നിലപാടേ ബിജെപിക്കുള്ളുവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതോടെയാണു ഇതുവരെ ചുവടുറച്ചു നിന്ന രാജസ്ഥാനിലും കോൺഗ്രസിന് അടിപതറുകയാണോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നത്.

സംസ്ഥാനത്തെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു നാലാമത് ഒരു സ്ഥാനാർഥിയെ രംഗത്തിറക്കി ബിജെപി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിട്ടുമുണ്ട്. കോൺഗ്രസ് സ്ഥാനാർഥികളിൽ ഒരാൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആണ്. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരുടെ പിന്തുണയുണ്ട്.ബിജെപിക്ക് 72 പേരാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളുണ്ട്. സ്വതന്ത്രരിൽ ഏറെയും സർക്കാരിനെ പിന്തുണയ്ക്കുന്നവരുമാണ്. 51 അംഗങ്ങളുടെ വോട്ടു ലഭിച്ചാൽ ഒരു സ്ഥാനാർഥിക്കു ജയിക്കാമെന്നിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കേണ്ടതാണ്. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ കല്ലുകടികൾ എത്രമാത്രം വഷളാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ജൂൺ 19നാണു രാജ്യസഭാ തിരഞ്ഞെടുപ്പ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here