gnn24x7

പച്ചക്കറിയിലെ വിഷാംശം അകറ്റാന്‍ മാര്‍ഗ്ഗങ്ങളുണ്ട്

0
224
gnn24x7

പച്ചക്കറികളിലെ വിഷാംശം മലയാളികളുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളതു മാത്രമല്ല ജൈവ പച്ചക്കറികളെന്ന ലേബലില്‍ വിപണിയിലെത്തുന്നവയില്‍ പോലും കീടനാശിനികളുടെ കാര്യത്തില്‍ കുറവൊന്നുമില്ലെന്നും നമ്മള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. വീടുകളില്‍ തന്നെ ആവശ്യമുള്ള പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്നതാണ് ഏറ്റവും ഫലപ്രദം. എന്നാല്‍ അതിന് സാധിക്കാത്തവര്‍ക്ക് ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാനാകും.

പയര്‍

വള്ളിപ്പയറാണ് കീടനാശിനി അവശിഷ്ടം ഏറ്റവുമധികം കണ്ടെത്തുന്ന പയര്‍വര്‍ഗ്ഗങ്ങളിലൊന്ന്. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച് സ്‌ക്രബറിന്റെ കഷണമോ, ചകിരിയോ ഉപയോഗിച്ച് ടാപ്പ് വെള്ളത്തില്‍ മൂന്നോ നാലോ പയര്‍ ഒരുമിച്ച് വച്ച് ഉരസി കഴുകിയതിനു ശേഷം 15 മിനിട്ട് (വിനാഗിരി 40 മില്ലി) രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കി പയര്‍ മുക്കി വയ്ക്കണം. ഇതിന് ശേഷം പച്ചവെള്ളത്തില്‍ കഴുകി, വെള്ളം വാര്‍ന്ന് പോയതിനുശേഷം ഇഴയകലമുള്ള തുണിസഞ്ചികളില്‍ പൊതിഞ്ഞ് ഫ്രിഡിജിലേക്ക് മാറ്റണം. വിനാഗിരിക്ക് പകരം വാളന്‍പുളി സത്തും ഉപയോഗിക്കാവുന്നതാണ്. 40 ഗ്രാം വാളന്‍പുളി 2 ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ എടുത്താല്‍ മതി

ചീര

കമ്പോളത്തില്‍ നിന്നു വാങ്ങുന്ന ചീര ചുവടുഭാഗം വേരോടെ മുറിച്ചു മാറ്റിയ ശേഷം തണ്ടും ഇലകളും ടാപ്പ് വെള്ളത്തില്‍ പലതവണ കഴുകി വൃത്തിയാക്കണം. അതിനുശേഷം 15 മിനിറ്റ് പുളിവെള്ളത്തില്‍ മുക്കിവയ്ക്കണം. ഇതിനായി കുരുകളഞ്ഞ പുളി 60 ഗ്രാം, മൂന്നു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ചീര മുക്കിവയ്ക്കാന്‍ പറ്റിയ വലിപ്പമുള്ള പാത്രത്തില്‍ വയ്ക്കണം. ഇതിനുശേഷം പച്ചവെള്ളത്തില്‍ കഴുകി, വെള്ളം വാര്‍ത്ത് കളഞ്ഞ് ഇലകളും തണ്ടും വേര്‍പെടുത്തി തുണിസഞ്ചികളിലേക്കോ പ്ലാസ്റ്റിക് സഞ്ചികളിലേക്കോ മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

മല്ലിയില

പാകം ചെയ്യാതെ ഉപയോഗിക്കുന്നതുകൊണ്ട് കൈകാര്യം ചെയ്യുമ്പോള്‍ വളരെ മുന്‍കരുതലെടുക്കേണ്ട ഇലവര്‍ഗ്ഗമാണ് മല്ലിയില. അതുകൊണ്ട് തന്നെ ചുവട് മുറിച്ച് കളഞ്ഞ ശേഷം ടാപ്പ് വെള്ളത്തില്‍ പല ആവര്‍ത്തി കഴുകണം.

പാവയ്ക്ക

പാവയ്ക്കയുടെ പുറത്തെ മുള്ളുകള്‍ക്കിടയില്‍ കീടനാശിനി ലായനി പറ്റിപ്പിടിച്ചിരിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ടുതന്നെ മറ്റ് പച്ചക്കറികളെക്കാള്‍ വിഷാംശ പ്രശ്നം പാവയ്ക്കയില്‍ കൂടുതലാണ്. കമ്പോളത്തില്‍ നിന്ന് വാങ്ങുന്ന പാവയ്ക്ക ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. സാധാരണ തുണി അലക്കുവാന്‍ ഉപയോഗിക്കുന്ന മൃദുവായ നാരുകള്‍ ഉള്ള ഒരു വാഷിംഗ് ബ്രഷ് ഇതിനുവേണ്ടി അടുക്കളയില്‍ പ്രത്യേകം കരുതി വയ്ക്കണം.

അധികം അമര്‍ത്താതെ ഉരസി ഒരു മിനിറ്റ് ടാപ്പ് വെള്ളത്തില്‍ കഴുകിയതിനുശേഷം 15 മിനിറ്റ് വിനാഗിരി (40 മില്ലി) രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കി പാവയ്ക്ക മുക്കി വയ്ക്കാന്‍ പറ്റിയ വലിപ്പമുള്ള കുപ്പിയിലോ പ്ലാസ്റ്റിക് ജാറിലോ വയ്ക്കണം. ഇതിനു ശേഷം പച്ചവെള്ളത്തില്‍ കഴുകി വെള്ളം വാര്‍ന്ന് പോയതിന് ശേഷം ഫ്രിഡ്ജിലേക്ക് മാറ്റാവുന്നതാണ്.

പടവലം, കണിവെള്ളരി, സാലഡ് വെള്ളരി

കടകളില്‍ നിന്നും വാങ്ങുന്ന പടവലം,കണിവെള്ളരി,സലാഡ് വെള്ളരി, മത്തന്‍,കുമ്പളം, പീച്ചില്‍ എന്നിവ. ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം വാര്‍ന്നുപോകാന്‍ പറ്റിയ പ്ലാസ്റ്റിക് കുട്ടയിലോ ബക്കറ്റിലോ കുത്തനെ വയ്ക്കണം. ഈര്‍പ്പം മാറിയ ശേഷം ഇഴയകന്ന കോട്ടണ്‍ തുണിയിലോ തോര്‍ത്തിലോ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here