കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പൊതു സ്ഥലങ്ങളുള്‍പ്പെടെ ഉള്ള ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് സന്ദര്‍ശനം കുറയ്ക്കാനും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും നിര്‍ദേശം നിലനില്‍ക്കുമ്പോഴും ബാങ്കില്‍ നിന്നും കറന്‍സി നോട്ടുകള്‍ സ്വീകരിക്കേണ്ടതായും എടിഎം ഉപയോഗിക്കേണ്ടതായും പെട്രോള്‍ പമ്പിലോ മറ്റോ കാര്‍ഡുകള്‍ കൈ മാറേണ്ടതായുമൊക്കെ വന്നേക്കാം. ഈ സാഹചര്യത്തില്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പണവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ വൈറസ് വ്യാപനം തടയാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണിവിടെ പറയുന്നത്.
ബാങ്കില്‍ പോകുമ്പോള്‍
- മുതിര്‍ന്ന പൗരന്മാര്‍ ബാങ്ക് സന്ദര്‍ശനം കര്‍ശനമായി ഒഴിവാക്കണം. ബാങ്കിലേക്ക് ഒറ്റയ്ക്ക് പോകാന്‍ ശ്രദ്ധിക്കുക, പ്രത്യേകിച്ച് കുട്ടികളെ കൊണ്ട് പോകരുത്.
- ബാങ്കില്‍ പോകുന്ന സമയത്ത് ധരിക്കുന്ന വസ്ത്രം ചൂടുവെള്ളത്തില്‍ കഴുകുക. തിരികെ എത്തിയതിന് ശേഷം കുളിക്കുക എന്നിങ്ങനെ പ്രാഥമിക കാര്യങ്ങളില്‍ ഓരോ വ്യക്തിയും കൊറോണ കാലത്ത് ശ്രദ്ധ ചെലുത്തണം.
- ജീവനക്കാരും ശാഖയിലെത്തുന്ന മറ്റുള്ളവരുമായും വേണ്ടത്ര സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നത് ഉറപ്പു വരുത്തണം.
- കൗണ്ടറുകള്‍ പൊതു സമ്പര്‍ക്കം വരുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കുക. ഉപയോഗശേഷം കളയാവുന്ന ഗ്ലൗസ് ധരിക്കുകയുമാകാം.
- പൊതുവായി ഉപയോഗിക്കുന്ന പേന ഉപയോഗിക്കരുത്. പകരം പേന കൊണ്ട് പോകുക.
- പണം വാങ്ങുന്നതിനു മുമ്പും റസീപ്റ്റുകള്‍ സ്വീകരിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
- ടവലുകള്‍ കൊണ്ട് പാകാതെ ഇരിക്കുക. വേണ്ടി വന്നാല്‍ ടിഷ്യു ഉപയോഗിക്കുക.
- എല്ലാ രേഖകളും കയ്യില്‍ കരുതുന്നത് അത്യാവശ്യ സന്ദര്‍ശനത്തില്‍ എല്ലാം ചെയ്ത് തീര്‍ക്കാന്‍ സഹായകമാകും. അത് പോലെ മുന്‍കൂട്ടി ബാങ്കുകളിലേക്ക് വിളിച്ചിട്ട് പോകാന്‍ ശ്രദ്ധിക്കുക. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സഹായം തേടുക.
- പൊതു സീറ്റുകളില്‍ ഇരിക്കുന്നതും കൈവരികളില്‍ സ്പര്‍ശിക്കുന്നതും ഒഴിവാക്കണം.
എടിഎം ഉപയോഗിക്കുമ്പോള്‍
- എടിഎം കൗണ്ടറില്‍ ആളുകള്‍ തമ്മില്‍ അകലം പാലിക്കേണ്ടത് ഉറപ്പാക്കുക. ഒരാള്‍ ഉള്ളപ്പോള്‍ ഒന്നിലധികം മെഷീനുകള്‍ ഉണ്ടെങ്കിലും എടിഎം ക്യാബിന്‍ ഉപയോഗിക്കാതെ ഇരിക്കുക.
- സാനിറ്റൈസര്‍ കയ്യില്‍ കരുതുക. കൈകള്‍ കൊണ്ട് നേരിട്ട് വാതിലില്‍ സ്പര്‍ശിക്കരുത്. പേപ്പര്‍ ടിഷ്യുകള്‍ ഉപയോഗിക്കുകയും. വീട്ടിലെത്തിയാല്‍ കത്തിച്ചു കളയുകയും ചെയ്യുക.
- കാര്‍ഡ് സാനിറ്റൈസര്‍, ടിഷ്യൂ എന്നിവ ഉപയോഗിച്ചതിനുശേഷം മാത്രം ഇടുകയും എടുത്തതിനു ശേഷം ടിഷ്യൂ ഉപയോഗിക്കുകയും ചെയ്യുക. ഈ ടിഷ്യുകള്‍ ഇടാന്‍ ഹാന്‍ഡ് ബാഗില്‍ പേപ്പര്‍ കവറുകള്‍ കരുതാം.
- ഒരുപാട് തവണ സന്ദര്‍ശനം ഒഴിവാക്കാന്‍ ഒരു മാസം പണമായി വേണ്ട തുക മുന്‍കൂട്ടി കണക്കാക്കി വേണം എടിഎമ്മിലേക്ക് പോകാന്‍. ഇത് പല തവണ പോകുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
- മാസ്‌ക് ഊരിയിട്ട് എടിഎം കൗണ്ടറില്‍ നില്‍ക്കരുത്.
കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍
- പണം കയ്യില്‍ എടുക്കും മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
- വ്യക്തികളും സ്ഥാപനങ്ങളുമായും പണമിടപാടുകള്‍ അക്കൗണ്ട് വഴി ആക്കുക. അഥവാ നോട്ടുകള്‍ കൈമാറിയാലും രണ്ട് ദിവസം കഴിഞ്ഞ് ഇടപാട് നടത്തുക.
- അത്തരം പണമിടപാടുകളില്‍ നിന്നു ലഭിക്കുന്ന പണം ബാങ്കില്‍ നിന്ന് സ്വീകരിച്ച നിങ്ങളുടെ പണവുമായി കൂട്ടിക്കലര്‍ത്തരുത്.
- പണം നല്‍കേണ്ടി വരുമ്പോള്‍ ബാക്കി തുക തിരികെ നല്‍കേണ്ടാത്ത രീതിയില്‍ കൃത്യമായി നല്‍കുക.
- പണം കയ്യിലെടുത്താല്‍ മുഖവുമായി ചേര്‍ത്ത് പിടിക്കുകയോ കൈകള്‍ മുഖത്ത് തൊടുകയോ ചെയ്യരുത്.
- ഉമിനീര്‍ തൊട്ട് നോട്ടെണ്ണരുത്.
- പെട്രോള്‍ പമ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കാര്‍ഡ് ഉപയോഗിക്കുക. ഉപയോഗിക്കുന്നത് സുരക്ഷിതമെങ്കില്‍ കാര്‍ഡ് ഇട്ട് നമ്പര്‍ കുത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഗ്ലൗസ്, ടിഷ്യൂ എന്നിവ ഉപയോഗിക്കുക.ഈ കാര്‍ഡ് നല്‍കി തിരികെ സ്വീകരിച്ച് കഴിഞ്ഞാലും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം.
- ഗൂഗ്ള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക.