ഒരുആയുർവേദ ഡോക്ടറെ സമീപിക്കുന്ന രോഗികളുടെ സ്ഥിരം ചോദ്യങ്ങളിൽ ഒന്നാണ് ഈ മരുന്നിന് പഥ്യമുണ്ടോ എന്നത്. പലപ്പോഴും പല രോഗികളേയും ആയുർവേദ ചികിത്സയിൽ നിന്നും അകറ്റി നിർത്തുന്നതും ഈ പഥ്യം തന്നെ ആണ്.പഥ്യം എന്ന വാക്കിന്റെ അർഥം മാർഗത്തിന് ഹിതമായത് എന്നതാണ്.
ഒരു ചികിത്സകൻ നൽകുന്ന ആഹാരരീതികളിലേയും, ജീവിതശൈലിയിലേയും നിർദേശങ്ങളെ ആരോഗ്യത്തിലേക്കുള്ള വഴിക്ക് ഹിതമായത് എന്ന അർത്ഥത്തിലാണ് പഥ്യം എന്നു പറയുന്നത്.ഏതൊരു യന്ത്രവും കേടുവന്നാൽ അതിന്റെ പ്രവർത്തനങ്ങളെ നിശ്ചലമാക്കിയതിനു ശേഷമാണ് കേടുപാടുകൾ തീർക്കുന്നത്. എന്നാൽ മനുഷ്യശരീരത്തിൽ ഇത് സാധ്യമല്ലല്ലോ. അതിനാൽ ശരീരത്തിന് തന്റെ നിരന്തര പ്രവർത്തനങ്ങളുടെ ജോലി ഭാരം കഴിയുന്നത്ര കുറയുന്ന രീതിയിലുള്ള ആഹാരരീതികളും, ജീവിതശൈലിയും പിൻതുടരണം. ദഹനം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ കുറഞ്ഞ ഊർജം മാത്രമേ ചിലവാക്കേണ്ടി വരുന്നുള്ളൂ.
ഇത്തരത്തിൽ ചെയ്താൽ ശരീരം തന്റെ ഊർജത്തിന്റെ സിംഹഭാഗവും രോഗശമനത്തിനായി പ്രയോജനപ്പെടുത്തും. അതിനാലാണ് ചികിത്സകൻ ദഹിക്കാൻ ബുദ്ധിമുട്ടുള്ള മാംസാഹാരങ്ങളേയും, വറുത്ത/പൊരിച്ച ഭക്ഷണ വസ്തുക്കളേയും ഒഴിവാക്കാൻ നിർദേശിക്കുന്നത്. എരിവ്, പുളി എന്നീ രസങ്ങളുടെ അമിതോപയോഗം കുറയ്ക്കാൻ പറയുന്നത്. ഉറക്കത്തിനും , ഭക്ഷണത്തിനും ചിട്ടയുണ്ടാവണം എന്ന് പറയുന്നത്.പലപ്പോഴും നാം ശീലിക്കുന്ന ചില ശൈലികൾ മൂലം രോഗത്തിന് കാരണമാകുന്നുണ്ടാകാം. ഇവ മാറ്റാതെ പൂർണമായ രോഗശമനം സാധ്യമാവുകയില്ല. രോഗകാരണങ്ങളായ ഇത്തരം ശീലങ്ങളെയും പഥ്യം ആചരിക്കുന്നതിലൂടെ ഒഴിവാക്കാനാകും .
പഥ്യം എന്നത് രോഗിയെ ബുദ്ധിമുട്ടിക്കാനുള്ളതല്ല, രോഗമുള്ളവർക്കും ഇല്ലാത്തവർക്കും ആരോഗ്യത്തിലേക്കുള്ള വഴിയൊരുക്കൽ ആണ്. വഴികൊട്ടി അടക്കാതെ ആരോഗ്യത്തിലേക്ക് സഞ്ചരിക്കുന്ന ഒരു മാർഗം.എന്തൊക്കെ ഉപയോഗിക്കാനും കഴിക്കാനും പാടില്ല എന്ന് പറയുന്നതല്ല പഥ്യം. എന്തൊക്കെ ഉപയോഗിക്കണം എന്ന് പറയുന്നതാണ് പഥ്യം. ഉപയോഗിക്കാൻ പാടില്ലാത്തവയെ അപഥ്യം എന്നാണ് പറയുന്നത്.പഥ്യവും അപഥ്യവും രണ്ടുവിധമുണ്ട്. പഥ്യാഹാരം, അപഥ്യാഹാരം എന്നതുപോലെ പഥ്യവിഹാരം, അപഥ്യവിഹാരം എന്നിവയുമുണ്ട്. വിഹാരത്തെ തൽക്കാലം ശീലം എന്നു മനസിലാക്കൂ. ഉദാഹരണത്തിന് പ്രമേഹരോഗികൾക്ക് മധുരമില്ലാത്തവ പഥ്യാഹാരവും, മധുരമുള്ളത് അപഥ്യ ആഹാരവുമാണ്. അതുപോലെ വ്യായാമം പഥ്യവിഹാരവും ശരീരം അനങ്ങാതെ ഇരുന്നുള്ള ജോലി അപഥ്യവിഹാരവുമാണ്.
എല്ലാ രോഗത്തിലും പഥ്യമായ ആഹാരവും വിഹാരവും ശീലിച്ചാൽ രോഗം കുറയുമെന്നു മാത്രമല്ല ചികിത്സയും വേഗം അവസാനിപ്പിക്കാം. എല്ലാ ആയുർവേദ മരുന്നുകൾക്കും പഥ്യം അനിവാര്യമാണ് എന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ഡോക്ടറാണ് .മത്സ്യമാംസാദികൾ പൂർണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിൽ ഇല്ല.ചില രോഗങ്ങൾക്ക് ചില മത്സ്യങ്ങൾ കഴിക്കാൻ പാടില്ലെങ്കിൽ മറ്റ്ചിലർക്ക് ചില മാംസവിഭവങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. സസ്യാഹാരത്തിൽ തന്നെ പലതും കഴിക്കാനും മറ്റ് ചിലത് ഒഴിവാക്കാനും പറയുന്നുണ്ട്.
ചുരുക്കത്തിൽ പഥ്യമായവ പാലിക്കേണ്ടതും അപഥ്യമായവ ഒഴിവാക്കേണ്ടതുമാണ്.
അതായത്
“വിനാ അപി ഭേഷജൈ: വ്യാധി: പഥ്യാദേവ നിവർത്തതേ
ന തു പഥ്യവിഹീനസ്യ ഭേഷജാനാം ശതൈരപി “
(മരുന്നില്ലെങ്കിലും രോഗം പഥ്യം കൊണ്ടേ ശമിച്ചിടും
പഥ്യമില്ലെങ്കിൽ മാറില്ല നൂറു നൂറൗഷധങ്ങളാൽ)
കടപ്പാട്: ഡോ. ശ്രീപാര്‍വതി. ആര്‍
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6