കോതമംഗലം കേന്ദ്രീകരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിവിധതരം ജോലികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം കൊടുത്ത് വൻ തട്ടിപ്പ് നടക്കുന്നു. കോതമംഗലത്തെ മലയിൻകീഴ് ബൈപ്പാസിന് സമീപം പ്രവർത്തിക്കുന്ന ഡ്രീം ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനമാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നത്. കാർപെന്റർ, പ്ലംബർ, കാഷ്യർ തുടങ്ങിയ സാധാരണ ജോലികൾക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് പരസ്യം. എന്നാൽ ഇത്തരം ജോലികൾക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസ ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം.


കാരണം ഇത് സ്കിൽഡ് ലേബറിൽ വരുന്നതല്ല. മാത്രമല്ല ഇത്തരം ജോലികൾക്ക് ഈസ്റ്റേൺ യൂറോപ്യൻസ് ആയ ധാരാളം ആളുകളെ ലഭ്യവുമാണ്. എന്നാൽ വിസിറ്റിംഗ് വിസയിൽ യൂറോപ്യൻ രാജ്യങ്ങളിലെത്തി പിന്നീട് ജോബ് വിസയിലേക്ക് മാറാം എന്ന നുണ പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഈ ഏജന്റ്മാർ പറ്റിക്കുന്നത്. തുടക്ക സമയത്ത് രജിസ്ട്രേഷൻ ആയി വാങ്ങുന്ന 25000 രൂപ തിരിച്ച് തരില്ല എന്ന് പറയുന്നു. 100 ആളുകൾ വെറുതെ രജിസ്റ്റർ ചെയ്താൽ തന്നെ 25 ലക്ഷം രൂപ ഇവരുടെ കൈയ്യിൽ വരും! വിസ പ്രൊസസിംഗ് ചാർജും കൺസൾട്ടൻസി ഫീസും എല്ലാം ഉൾപ്പെടെ നാല് ലക്ഷം രൂപയാണ് ഇവർ ഒരു ഉദ്യോഗാർത്ഥിയിൽ നിന്ന് ആവശ്യപ്പെടുന്നത്.
സ്ട്രോബറി ഫാമിലേയ്ക്കും, ഓറഞ്ച് തോട്ടത്തിലേക്കും, മുന്തിരി തോട്ടത്തിലേക്കും തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പറഞ്ഞും തട്ടിപ്പ് ഏജൻസികൾ പരസ്യം കൊടുത്ത് ആളുകളിൽനിന്ന് പണം തട്ടാറുണ്ട്. തട്ടിപ്പുകാരുടെ വാക്കുകൾ കണ്ണടച്ച് വിശ്വസിച്ച് ഒരു അന്വേഷണം പോലും നടത്താത്ത ശുദ്ധ മലയാളികളെയാണ് ഇവർ വലയിൽ ആക്കുന്നത്. എത്ര തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നാലും അതൊന്നും ഗൗനിക്കാതെ ഇത്തരം ഏജന്റ്മാർക്ക് പണം കൊടുക്കാൻ ഇപ്പോഴും ശുദ്ധരായ മലയാളികൾ ക്യൂവിലാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് വിസ ലഭിക്കുന്നത് പോലെ ഏതു ജോലിക്കും യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ ലഭിക്കില്ല എന്ന അടിസ്ഥാന വിവരം എല്ലാവരും അറിഞ്ഞിരിക്കണം.

കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വച്ച പൈസ മുഴുവൻ ഇതുപോലുള്ള തട്ടിപ്പ് റിക്രൂട്ട് ഏജന്റ് മാർക്ക് കൊടുത്തു അവസാനം കണ്ണീരും കരച്ചിലുമായി കഴിയുന്ന മലയാളികൾ ഒട്ടനവധിയുണ്ട്. അതുകൊണ്ട് ഇത്തരം സംരംഭങ്ങളിലേക്ക് എടുത്തുചാടുന്നതിന് മുമ്പ് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ ഉറപ്പുവരുത്തുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb