അയർലണ്ടിൽ മിനിമം വേതനം 80c വർധിപ്പിച്ച് മണിക്കൂറിൽ 11.30 യൂറോ ആക്കാൻ സർക്കാർ തീരുമാനം. ഇന്ന് ചേരുന്ന കാബിനറ്റ് യോഗത്തിൽ വർധന സംബന്ധിച്ച വിജ്ഞാപനം ഒപ്പുവെക്കും. ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും. ഈ വർഷമാദ്യം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ കുറഞ്ഞ വേതനം മണിക്കൂറിന് 11.30 യൂറോ ആക്കണമെന്ന് ശമ്പള കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
നിലവിലെ മിനിമം വേതനം മണിക്കൂറിൽ 10.50 യൂറോയാണ്. അയർലണ്ടിലെ ഏകദേശം 10 ശതമാനം തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കും.2026-ഓടെ മണിക്കൂറിന് 13.70 യൂറോ മിനിമം വേതനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി മൂലം കുറഞ്ഞ വരുമാനമുള്ളവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് എന്നതിനാൽ മിനിമം വേതനം വർദ്ധിപ്പിക്കാൻ സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.
മിനിമം വേതനത്തിലുള്ള തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന സാമ്പത്തിക സഹായ പദ്ധതികൾ ബജറ്റിൽ ഉൾകൊള്ളാൻ സാധ്യതയുണ്ട്.






































