gnn24x7

അയർലണ്ടിൽ ഇന്ത്യർക്കാർ നേരിടുന്ന വംശീയ ആക്രമണം.. കാരണക്കാർ നമ്മൾ തന്നെയോ..?

0
147
gnn24x7

അയർലണ്ടിൽ ഇന്ത്യർക്കാർക്കെതിരെയുള്ള നേരിടുന്ന വംശീയ ആക്രമണം ദിനംപ്രതി വർധിക്കുന്നു. വിവിധ കോണുകളിൽ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും, പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർ സംഭവങ്ങളെ അപലപിച്ച് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും വംശീയ ആക്രമണങ്ങൾ തുടരെ റിപ്പോർട്ട് ചെയ്യുന്നു. അയർലണ്ടിൽ ഇന്ത്യൻ വിരുദ്ധ വികാരം പടരാൻ എന്താണ് കാരണം.? ഒരുപക്ഷെ നമ്മുടെ പ്രവർത്തികളുടെ പ്രതികരണം ആയി കൂടി ഇത്തരം സംഭവങ്ങൾ കാണാം. നാം തിരിച്ചറിയാത്ത ചില കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

സംസ്കാരം, ജീവിതശൈലി, ഭക്ഷണം, സ്വകാര്യത തുടങ്ങി എല്ലാ മേഖലകളിലും ഐറിഷ് പൗരന്മാരും ഇന്ത്യൻ പൗരന്മാരും തമ്മിൽ അടിമുടി വ്യത്യാസങ്ങൾ ആണുള്ളത്. അയർലണ്ടിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടുത്തെ സാഹചര്യങ്ങൾ പിന്തുടരുവാനും, ഈ രാജ്യത്തിന്റെ തനിമയെ ബഹുമാണിക്കാനും നമ്മൾ എത്ര പേർ തയ്യാറായിട്ടുണ്ട്? പലപ്പോഴും ഒരു പ്രവാസി ആണെന്ന തിരിച്ചറിവ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മറക്കുന്നു. ഈ രാജ്യത്ത് റോഡിൽ വാഹനം ഓടിക്കുന്നത് മുതൽ ഒരു റെസ്റ്റോറന്റിലും സൂപ്പർമാർക്കെറ്റിലും പാലിക്കേണ്ട സാമാന്യ മര്യാദകൾ പോലും പലപ്പോഴും വിദേശ പൗരന്മാർ മറികടക്കുന്നു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ പൊതുസമൂഹത്തിൽ കാണിച്ചുകൂട്ടുന്ന ചെയ്തികൾ ഈ രാജ്യത്തെ പൗരന്മാരിൽ വലിയ തോതിൽ അസഹിഷ്ണത വളർത്തുന്നു.

ഉദാഹരണത്തിനു നമ്മളുടെ ആഘോഷങ്ങൾ തന്നെ പരിശോധിക്കാം. നാട്ടിലെ ഗൃഹാതുര ഓർമകൾ പുതുക്കാൻ നമ്മൾ ഓരോ ആഘോഷങ്ങളിലും വൻ ജനാവലിയായി ഒത്തുകൂടുന്നതും, ശബ്ദ കോലാഹലങ്ങളുടെ അകമ്പടിയോടെ ആർത്തുല്ലസിക്കുന്നതും ഇവിടുത്തെ ജനങ്ങൾക്ക് സ്വീകാര്യമാകണം എന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, പുറത്തുള്ളവർ വന്നു തങ്ങളുടെ സ്വസ്ഥ ജീവിതത്തിൽ ഭീഷണിയാകുന്നു എന്ന ചിന്തയാകും. ഈ രാജ്യത്തെ ജീവിത രീതിയും സംസ്കാരവുമാണ് ഇത്തരത്തിൽ അവർ ചിന്തിക്കാൻ കാരണം. ചെറിയ ചെറിയ സംഭവങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദമാണ് പലപ്പോഴും വൻ കലാപങ്ങൾക്ക് വഴി ഒരുക്കുന്നത്.

പൊതുഗതാകത സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിലും നമ്മൾ പലപ്പോഴും മര്യാദകൾ മറക്കുന്നു. ഊഴം കാത്തു നിൽക്കാതെ തിക്കും തിരക്കും ഉണ്ടാക്കാനും, പൊതു ഇടങ്ങളിൽ ഉച്ചത്തിൽ വീഡിയോ കാൾ ചെയ്യാനും ഉച്ചത്തിൽ പാട്ട് കേൾക്കാനും എല്ലാം നമുക്ക് ഏറെ ഉത്സാഹമാണ്. പ്രായമായവർക്ക് പരിഗണന നൽകാനും പലരും മടി കാണിക്കുന്നു. പെഡസ്ട്രിയൻ ക്രോസിംഗ് ഒഴിവാക്കി റൺവേയിൽ വണ്ടി തടഞ്ഞു റോഡ് ക്രോസ്സ് ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ആരാധനാലങ്ങളിൽ പോലും മര്യാദയുടെ അതിർ വരമ്പുകൾ ലംഖിക്കപ്പെടുന്നു. ഒരു തരത്തിൽ ഇവയെല്ലാം ഐറിഷ് ജനതയുടെ മുൻപിൽ ഇന്ത്യക്കാരെ കുറിച്ചുള്ള കാഴ്ചപാടുകൾക്ക് മങ്ങൽ എൽപിച്ചിട്ടുണ്ട്. തങ്ങളുടെ സമൂഹത്തിന്റെ ഭാവിയിൽ ഈ സംഭവങ്ങൾ ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ഭാവി തലമുറയുടെ സുരക്ഷിതത്വവും അവർക്ക് മുന്നിൽ ഒരു ചോദ്യ ചിഹ്നമാണ്. അവരുടെ ഈ ചിന്തകളെ നമുക്ക് വിമർശിക്കാനാകില്ല.

നമ്മുടെ നാട്ടിൽ എത്ര പേർ അന്യസംസ്ഥാന തൊഴിലാളികളുടെ വരവിനെ അനുകൂലിക്കുന്നുണ്ട്? അതിൽ ചിലർ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിൽ ആ വിഭാഗം ജനതയെ അരികുവത്കരിക്കുന്ന പ്രവണത കേരളത്തിൽ നാംകാണുന്നതാണ്. അവർ ഇന്ത്യൻ പൗരന്മാർ ആയിരുന്നിട്ട് കൂടി കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ അവരോട് ഒരകലം ഇപ്പോഴും നിലനിൽക്കുന്നു. ഇതേ സാഹചര്യം തന്നെയാണ് അയർലണ്ടിലും. ഒരു രാജ്യത്തിലേക്ക് കടന്നു വന്ന വിദേശിയർ ആ രാജ്യത്തെ നിയമങ്ങളെയും സംസ്കാരത്തെയും അവഗണിക്കിമ്പോൾ തീർച്ചയായും പൗരന്മാർക്ക് അനിഷ്ടം ഉണ്ടാകും. അവരുടെ ഈ പ്രവണത ഒഴിവാക്കേണ്ടത് നമ്മുടെ പ്രവർത്തികളിൽ കൂടിയാകണം.

gnn24x7