gnn24x7

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സമാപിച്ചു

0
67
gnn24x7

ക്ലോന്മേൽ:- ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന “ഹാർമണി- 2024” എന്ന ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് സമാപനമായി. 

ഹിൽ വ്യൂ സ്പോർട്സ് കോംപ്ലക്സിൽ, ജനുവരി ആറാം തീയതി വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ പരിപാടി പാതിരാത്രിയോട് കൂടെയാണ് അവസാനിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ സന്തോഷം പകരുന്നതും ത്രസിപ്പിക്കുതുമായ  മാജിക്കിൽ തുടങ്ങി, ബലൂൺ നിർമ്മിതികൾ, ഫേസ് പെയ്ന്റിംഗ് എന്നിവയടക്കം വിവിധതരം കുട്ടികളുടെ പരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.  

 

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കൗണ്ടി മേയർ റിച്ചി മേലോയ് ഉദ്‌ഘാടനം ചെയ്തു. ടി ഡീ മാറ്റി മഗ്ര, ടി.ജെ.വൈറ്റ് (ഡയറക്ടർ ഓഫ് നേഴ്സിംഗ്, ടിപ്പറി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ), കൗൺസിലർ മൈക്കിൾ മർഫി എന്നിവർ വിശിഷ്ഠാതിഥികൾ ആയിരുന്നു.  

കഥക്ക് നൃത്തത്തോട് കൂടിയ സ്വാഗതഗാനം കാണികൾക്ക് ഇന്ത്യയുടെ പരിശ്ഛേതം വിളിച്ചറിയിക്കുന്നതായിരുന്നു. 

ഇന്ത്യൻ സമൂഹം അയർലണ്ടിന്റെ സാംസ്കാരിക, സ്പോർട്സ് മേഖലകളിൽ നൽകുന്ന സംഭാവന ചെറുതല്ലെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മേയർ റിച്ചി മെലോയ് അഭിപ്രായപ്പെട്ടു. ഐറിഷ് സമൂഹവുമായി ഇടപഴകുന്നതിന് ഇന്ത്യക്കാർക്കുള്ള പ്രാഗത്ഭ്യം പറഞ്ഞറിയിക്കേണ്ടതു തന്നെയാണെന്ന് ടി ഡീ മാറ്റി മഗ്ര പറഞ്ഞു.

വിശിഷ്ടാതിഥികൾ കേക്ക് മുറിച്ച് ആഘോഷപരിപാടികൾ  ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധതരം കലാപരിപാടികൾ നടന്നു. 

തങ്ങൾക്ക് ഏറെപ്രീയപ്പെട്ട ഡാൻസ് വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെട്ട് വിശിഷ്ടാതിഥികളും വേദിയിൽ കുട്ടികൾക്കൊപ്പം നൃത്തം ചെയ്തതും കാണികൾക്ക് പുത്തൻ അനുഭവമായി. 

ഇടക്കുനടന്ന ലക്കിഡ്രോ മത്സരത്തിൽ അരുൺ സമ്മാനാർഹനായി. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത കേക്കും വൈനും അടക്കം, സമൃദ്ധമായ ഭക്ഷണം പരിപാടിയുടെ പ്രത്യേകതയായി.

“കോർക്ക് ഡാഫോഡിൽസ്” ബാൻഡ് അവതരിപ്പിച്ച അതിഗംഭീര ഗാനമേളയോടു കൂടെ  ഹാർമണി- 2024ന് കൊടിയിറങ്ങി. 

പരിപാടിയിൽ പങ്കെടുത്തതും, സഹകരിച്ചതും ആയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും, അയർലൻഡിലെ സഹൃദയരായ  മലയാളികൾ ഉൾപ്പെടെ ഉള്ള എല്ലാവർക്കും “ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ”  പേരിൽ ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നതായും സംഘാടകസമിതി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7