gnn24x7

ഇറ്റലിയിൽ താൽക്കാലികമായി പൂട്ടിയിരുന്ന പള്ളികൾ 18 മുതൽ വീണ്ടും തുറക്കാൻ അനുമതി

0
296
gnn24x7

ഇറ്റലി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി പൂട്ടിയിരുന്ന പള്ളികൾ 18 മുതൽ വീണ്ടും തുറക്കാൻ അനുമതി. ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പേ കോൺതേ, ബിഷപ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ ഗ്വാൽതിയേറോ ബസേത്തി എന്നിവർ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ദിവ്യബലിയുൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ പുനഃരാരംഭിക്കുമ്പോൾ പൊതുജനാരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പള്ളികളിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ഇടവക വികാരിക്ക് ബോധ്യമുണ്ടാകേണ്ടതും വിശ്വാസികൾ ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് വികാരി ഉറപ്പുവരുത്തേണ്ടതുമാണ്. പള്ളികളുടെ പ്രവേശന കവാടങ്ങളിൽ മാസ്കുകളും കയ്യുറയും ധരിച്ച സന്നദ്ധപ്രവർത്തകരുടെ സാന്നിദ്ധ്യമുണ്ടാവണം. മാസ്കുകൾ ധരിച്ചുകൊണ്ടുമാത്രമേ വിശ്വാസികളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കൂ. കൊറോണ വൈറസ് പിടിപെട്ടവരുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവർ, ഇൻഫ്ലുവൻസ്-പനി രോഗലക്ഷണങ്ങളുള്ളവർ എന്നിവർ പള്ളികളിൽ എത്താതിരിക്കാൻ ശ്രദ്ധിക്കണം.

ദിവ്യബലിക്കിടെ പരസ്പരം സമാധാനം ആശംസിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. വിശ്വാസികൾക്ക് വിശുദ്ധ കുർബാന നൽകുന്നതിനുമുൻപ് പുരോഹിതൻ കൈകൾ വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയുംവേണം. അംഗപരിമിതർക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് ഭീഷണിയെ തുടർന്ന് ഇറ്റലിയിൽ കഴിഞ്ഞ രണ്ടു മാസത്തോളമായി പള്ളികൾ അടഞ്ഞുകിടക്കുകയായിരുന്നു. അടുത്തിടെ സ്വകാര്യ പ്രാർഥനകൾക്കായി പള്ളികൾ തുറക്കാൻ അനുമതി നൽകിയിരുന്നു. നിയന്ത്രണങ്ങളോടെയാണെങ്കിലും 18 ന് പൊതു ആരാധനയ്ക്ക് പള്ളികൾ തുറക്കാൻ അനുമതി നൽകിയത് ആശ്വാസമായി കാണുകയാണ് വിശ്വാസികൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here