പ്രണയാനന്ദങ്ങൾ

0
104

അനു ചന്ദ്ര

ശവകല്ലറക്കും സമമായ
പ്രണയത്തിനും
തൊട്ടു മുമ്പേയാണ്
ചങ്ക് ദീര്‍ഘമായൊന്ന് കഴച്ചത്.
ഓര്‍മ്മ ഭാരമായി നെഞ്ചില്‍ തൂങ്ങിയപ്പോള്‍
തിരിച്ചറിവിന്റെ ഭ്രാന്തമായ
വെളിപാട്സ്ഥലം പൊന്തി വന്ന്
നാല്‍കൂട്ട പെരുവഴിയില്‍
തമ്പുറപ്പിച്ചു.
അന്ന്,
കാറ്റിന്റെ മൂളക്കത്തിലും
കിളി ചിലപ്പിലും
മണ്ണ് പിളരുന്നതും
രണ്ടായി
കുഴിമാടത്തിലേക്ക് വീഴുന്നതും
എന്റെയും അവന്റെയും
പേര് കൊത്തി വെച്ച
ഒരു ശവക്കല്ലറ
പൂര്‍ണ്ണതയില്‍ ഉയര്‍ന്ന് വരുന്നതും
സ്വപ്നം കണ്ട
ആ രാത്രിയില്‍,
എനിക്ക് പനിച്ചു.
അതിവേഗത്തില്‍
ഒരു ചരമകുറിപ്പിലേക്ക്
കയറിപറ്റുന്ന
ഞങ്ങളെ ഓര്‍ത്തപ്പോള്‍
ഞാന്‍ സന്തോഷത്തോടെ
നാമം
ജപിച്ചു കിടന്നു.
എന്നിട്ടും ഞങ്ങള്‍
മരിച്ചില്ലത്രേ.
പനി നിശ്ശേഷം വിട്ടൊഴിഞ്ഞ
അതികാലത്ത്,
നിരന്തരം എന്നെ കൊന്ന
എനിക്ക്
ഞങ്ങളെ ഒരുമിച്ച്
കൊല്ലാനായില്ലെന്നോര്‍ത്തപ്പോള്‍
ദുഃഖവും ശുണ്ഠിയും
ഇരക്കുകയും
മുറിയില്‍ അടുക്കിവെച്ച
പുസ്തകങ്ങള്‍
നാലു പാടും വലിച്ചെറയുകയും,
ഞാനെന്റെ അരിശം തീര്‍ക്കുകയും
ചെയ്തു.
അന്നേരമാണ് എന്റെ മനസ്സ്
പറഞ്ഞത്
അവനെ കൊല്ലെന്നും,
നീ ജീവിക്കെന്നും.
സംഗതി കേട്ടപ്പോള്‍
ആവേശമായി.
പിന്നെ അവനെ
കുറിച്ച് ഞാനോര്‍ക്കാന്‍
ശ്രമിച്ചില്ല.
പകരം
ലഭിച്ച
എല്ലാ നോട്ടങ്ങളും ,
എല്ലാ സുഗന്ധദ്രവ്യങ്ങളും കൊണ്ട്
ഞാനെന്റെ ശരീരത്തെ
വാഴ്ത്തി
അപ്പോള്‍ അവന്റെ
മുഖം കറുത്തു.
ഒരു മഹാവ്യാധി
പോലെ അവന്റെ ഉള്ളിലത്
നിറഞ്ഞു.
ആ വ്യാധി അവനെ മൊത്തത്തില്‍
മൂടി.
നിശ്ശേഷം,
അവന്‍ ചത്തു.
പിന്നെ
നാല്‍കൂട്ട കവലയില്‍
അവന് മുകളില്‍
ഞാനൊരു ശവക്കല്ലറ
പണിത്
അതിന് മുകളില്‍ ഇങ്ങനെ
കൊത്തി വെച്ചു.
ഇഗാലിതെ !!

LEAVE A REPLY

Please enter your comment!
Please enter your name here