gnn24x7

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍

0
237
gnn24x7

മുംബൈ: ക്രിക്കറ്റിലെ രണ്ട് വമ്പന്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍.

3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായാണ് ഓസ്ട്രേലിയ ഇന്ത്യയിലെത്തിയിരിക്കുന്നത്. അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുക. 

ലോക ക്രിക്കറ്റിലെ രണ്ട് ശക്തര്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ അത്യന്തം വാശിയേറിയ ഏറ്റുമുട്ടലിനാകും ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. 

നിലവില്‍ ഇരു ടീമുകളും മികച്ച ഫോമിലാണ് എന്നത് വസ്തുതയാണ്. അടുത്തിടെ നേടിയ പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇന്ത്യ കളത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ വ‍ർഷം ഇന്ത്യയിൽ പരമ്പര നേടിയതിന്‍റെ ബലത്തിലാണ് ഓസ്ട്രേലിയ അങ്കത്തിനിറങ്ങുന്നത്. 

ഓപ്പണി൦ഗ് ബാറ്റ്സ്മാനായി രോഹിത് ശർമ്മയ്ക്കൊപ്പം ശിഖർ ധവൻ ഇറങ്ങുമെന്നും പന്തിന് പകരം കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തി മൂന്നാമനായി കളിപ്പിക്കുമെന്നും സൂചനയുണ്ട്.

അതേസമയം, മികച്ച ടോപ്പ് ഓര്‍ഡറാണ് ഓസീസിനുള്ളത്. വാർണർ, ഫിഞ്ച്, സ്മിത്ത്, ലാബുഷെയ്ൻ എന്നിവരാണ് ആദ്യനാല് സ്ഥാനങ്ങളില്‍ ഇറങ്ങുക. ഇവരുടെ ബാറ്റി൦ഗ് മികവ് ഇന്ത്യക്ക് തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒപ്പം, ബൗളി൦ഗില്‍ പാറ്റ്കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവര്‍ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാക്കില്ല. 

എന്നാല്‍, ഇന്നത്തെ കളിയില്‍ പിച്ച് നിര്‍ണ്ണായകമാണ്. വാങ്കഡേയില്‍ നേരിയ മഞ്ഞുവീഴ്ചയുള്ളതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ടോസ് നേടുന്നവർ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
 
കഴിഞ്ഞ ലോകകപ്പിന് മുന്‍പ് ഇരു ടീമുകളും ഇന്ത്യയില്‍ വെച്ച്‌ 5 മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചതിന് ശേഷം ഇന്ത്യ 3-2ന് പരമ്പര കൈവിട്ടിരുന്നു. ആ സമയത്ത് വിലക്ക് മൂലം സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ ഇല്ലായിരുന്നു. എന്നിട്ടും ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഈ സൂപ്പര്‍ താരങ്ങള്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ കളിക്കുന്നുണ്ട്. 

എന്തായാലും, ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകരമായ പോരാട്ടംതന്നെ ഇന്ന് വാങ്കഡേ സ്റ്റേഡിയത്തില്‍ കാണാം…

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here