മനുഷ്യന്മാരായ മേലധികാരികളെക്കാള്‍ ജീവനക്കാര്‍ക്കിഷ്ടം മെഷീന്‍ ബോസിനെ. മാത്രവുമല്ല പ്രൊഡക്റ്റിവിറ്റിയില്‍ ഇവന്റെ അടുത്തെങ്ങുമെത്താന്‍ മനുഷ്യര്‍ക്ക് കഴിയുകയുമില്ല. അതെ മെഷീനായ ബോസ് മിഡില്‍ മാനേജര്‍മാരുടെ ജോലി അടുത്ത 10 വര്‍ഷം കൊണ്ട് ഇല്ലാതാക്കുമെന്ന് ഇന്‍ഫോസിസിന്റെയും ഗാര്‍ട്ണറുടെയും പഠനറിപ്പോര്‍ട്ട്.
ആളുകളെ മാനേജ് ചെയ്യുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ജോലികളുടെ മേല്‍നോട്ടത്തിനുമൊക്കെ മനുഷ്യരെ കുറച്ചിട്ട് അല്‍ഗോരിതവും റോബോട്ടുകളും മതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികം വൈകാതെ മെഷീനുകള്‍ സഹപ്രവര്‍ത്തകരാകുമെന്നും അവ ജീവനക്കാര്‍ ജോലി ചെയ്തിരുന്ന രീതി തന്നെ മാറ്റിമറിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികള്‍ ചെയ്തിരുന്ന പകുതിയോളം ജോലികള്‍ ഓട്ടോമേറ്റഡ് ആകുന്നതോടെ യന്ത്രങ്ങള്‍ ഏറ്റെടുക്കുമെന്ന് ഈയിടെ പുറത്തുവിട്ട മക്കിന്‍സി റിപ്പോര്‍ട്ടും പറയുന്നു. ടെക്‌നോളജിയും മനുഷ്യനും ചേരുമ്പോള്‍ അതൊരു ‘കില്ലര്‍ കോമ്പോ’ ആയിരിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് കൊണ്ടുമാത്രം അടുത്ത ദശകത്തില്‍ ആഗോളതലത്തില്‍ 400 ദശലക്ഷം ജീവനക്കാരെ ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്കായിരിക്കും നിലനില്‍പ്പെന്ന് സാരം.