തിരുവന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. പതിവിൽ നിന്ന് വ്യത്യസ്തമായി ദീപം തെളിയിക്കുന്നത് ഒഴിവാക്കി ആർച്ച് ലൈറ്റുകൾ കാണികൾക്ക് നേരെ തെളിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
കാൻ ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രീതി നേടിയ പോർച്ചുഗൽ ചിത്രം റിമൈൻസ് ഓഫ് ദി വിൻഡ് ഉൾപ്പടെ 11 ചിത്രങ്ങൾ ആദ്യദിനം പ്രദർശിപ്പിക്കും. രാവിലെ 10 മണിക്ക് കൈരളി, കലാഭവൻ തീയറ്ററുകളിൽ ആദ്യചിത്രങ്ങൾ സ്ക്രീനിലെത്തും. വൈകിട്ട് മൂന്നരയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മേളയുടെ ഇരുപത്തിയേഴാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘടനം. തുടർന്ന് ഉദ്ഘാടനചിത്രം ടോറി ആൻഡ് ലോകിത പ്രദർശിപ്പിക്കും.
കൈരളി, കലാഭവൻ, നിള, ശ്രീ, ടാഗോർ, എന്നീ തിയേറ്ററുകളിലാണ് ആദ്യദിനത്തിൽ പ്രദർശനങ്ങൾ നടക്കുന്നത്. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളും സജ്ജമാണ്. 2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.
എട്ട് ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ സമാപനചടങ്ങുകളും നിശാഗന്ധിയിൽ നടക്കും. മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. അന്തപുരിയുടെ രാപ്പകലുകൾക്ക് മാറ്റ് കൂട്ടാൻ ഇന്ന് മുതൽ ലോക സിനിമ കൂട്ടിനുണ്ടാകും.