ഗുവാഹത്തി: അസമിലെ ഗോല്‍പ്പാറ തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ച 55 കാരന്‍ മരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നരേഷ് കോച്ചാണ് മരിച്ചത്. മൂന്ന് വര്‍ഷത്തിനിടയില്‍ അസമിലെ തടങ്കല്‍ പാളയത്തില്‍ വച്ച് മരണപ്പെടുന്ന 29ാമത്തെ വ്യക്തിയാണ് നരേഷ് കോച്ച്. ഡിസംബര്‍ 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇപ്പോള്‍ കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന ബംഗ്ലാദേശിലെ പ്രവിശ്യയില്‍ നിന്നാണ് നരേഷ് 1964ല്‍ ഇന്ത്യയിലെത്തുന്നത്. 35 വര്‍ഷമായി അസമിലെ ടിനികന്യയില്‍ താമസിച്ചു പോരുകയായിരുന്നു ഇദ്ദേഹം. 2018 വരെ നരേഷ് കോച്ച് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നു. നിരന്തരമായി കേസിന്റെ വാദത്തിന് കോടതിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിദേശ ട്രൈബ്യൂണല്‍ നരേഷ് കോച്ചിനെ വിദേശിയായി പ്രഖ്യാപിച്ച് തടങ്കല്‍ പാളയത്തില്‍ അടച്ചിരിക്കുകയായിരുന്നു. മേഘാലയയിലെ ഗോത്രവര്‍ഗത്തില്‍ പെടുന്ന കോച്ച്- രാജ്ബോന്‍സിസ് വിഭാഗത്തില്‍പെടുന്നയാളാണ് നരേഷ്.
2016 ഒക്ടോബര്‍ 13 മുതല്‍ 2019 വരെ നരേഷ് ഉള്‍പ്പെടെ 29പേര്‍ അസമിലെ വിവിധ തടങ്കല്‍ പാളയത്തില്‍ വച്ച് മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019 നവംബര്‍ 22 വരെ 988 പേരെ അസമിലെ ആറ് തടങ്കല്‍ പാളയങ്ങളിലായി പാര്‍പ്പിച്ചുവരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ആഗസ്ത് 31 ന് പ്രസിദ്ധീകരിച്ച എന്‍.ആര്‍.സിയില്‍ 1.9 മില്ല്യണ്‍ ആളുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.