ന്യൂഡല്‍ഹി: സാങ്കേതിക കാരണങ്ങളാല്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന്‍ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് യാത്രക്കാരുടെ അതിരുവിട്ട പ്രതിഷേധം നടന്നത്.
സാങ്കേതിക തകരാറുമൂലം റണ്‍വേയില്‍നിന്ന് തിരിച്ചുവരുമ്പോഴാണ് ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കൈയേറ്റവും ഭീഷണിയുമുണ്ടായത്.
യാത്രക്കാര്‍ ജീവനക്കാരില്‍ ഒരാളെ കയ്യേറ്റം ചെയ്യുകയും കോക്പിറ്റ് തള്ളിതുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കോക്പിറ്റ് വാതിലില്‍ മുട്ടിയ ചില യാത്രക്കാര്‍ പൈലറ്റിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
പൈലറ്റ് പുറത്തിറങ്ങിയില്ലെങ്കില്‍ കോക്പിറ്റ് വാതില്‍ പൊളിക്കുമെന്ന് ഒരു പുരുഷ യാത്രക്കാരന്‍ ഭീഷണിപ്പെടുത്തി ജീവനക്കാരില്‍ ഒരാളെ കയ്യേറ്റം ചെയ്തത് വനിതാ യാത്രികയാണ്. സംഭവത്തില്‍ ക്യാബിന്‍ ക്രൂ അംഗങ്ങളോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.