ജോധ്പുര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും ശരി സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നതെന്നായിരുന്നു അമിത് ഷായുടെ ആരോപണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നതിനായി ബിജെപി നടപ്പാക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ജോധ്പുരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
പൗരത്വ നിയമ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല, ഒരാളുടെയും പൗരത്വം ഇതിലൂടെ ഇല്ലാതാവില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.
‘പൗരത്വം എടുത്തുകളയുന്ന ബില്‍ അല്ല, മറിച്ച് പൗരത്വം നല്‍കുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. വോട്ടുബാങ്ക് ആണ് അവരുടെ ലക്ഷ്യം. വോട്ടുബാങ്കിന് വേണ്ടി സവര്‍ക്കറെപ്പോലെയുള്ള ഒരു വലിയ വ്യക്തിത്വത്തിന് എതിരെ പോലും സംസാരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഇതിന്‍റെ പേരില്‍ ലജ്ജിക്കേണ്ടി വരും’, അമിത് ഷാ പറഞ്ഞു.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അന്തസായി ജീവിക്കുന്നു. എന്നാല്‍ അയല്‍രാജ്യത്ത് അവരുടെ എണ്ണം ഇല്ലാതാവുകയാണ്. മതത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. കോണ്‍ഗ്രസ് ആണ് അതിന് ഉത്തരവാദി, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
തന്‍റെ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. രാഹുല്‍ ഗാന്ധി നിയമം പഠിച്ചതിനു ശേഷം ചര്‍ച്ചയ്ക്കു വരട്ടെ. അദ്ദേഹത്തിന് അതു പഠിക്കാന്‍ വേണമെങ്കില്‍ ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തി നല്‍കാമെന്നും അമിത് ഷാ പരിഹസിച്ചു.
ജോധ്പൂരിൽ റാലിയെ അഭിസംബോധന ചെയ്ത അമിത് ഷാ, Missed call നല്‍കി CAAയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തിനുള്ള toll free നമ്പരിനും തുടക്കമിട്ടു.
2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (Citizenship Amendment Act) രാജ്യമാകെ നടക്കുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാനായി ബിജെപി രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് അമിത് ഷാ ഇന്ന് ജോധ്പുറില്‍ എത്തിയത്.
പ്രതിപക്ഷത്തിന്‍റെ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തെ പ്രതിരോധിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രചാരണ പരിപാടികള്‍ ദേശീയ തലത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പരിപാടിയിലൂടെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനാണ് പാര്‍ട്ടി ദേശീയ തലത്തില്‍ ശ്രദ്ധ ചെലുത്തുക.
CAA സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി രാജ്യത്താകമാനമായി 30 റാലികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതാക്കളാണ് ഈ റാലികള്‍ നയിക്കുക. CAAയും ദേശീയ പൗരത്വ രജിസ്റ്ററും (NRC), ദേശീയ ജനസംഖ്യാ രജിസ്റ്ററു൦ (NPR) തമ്മില്‍ ബന്ധിപ്പിച്ച് കാണരുതെന്നാണ് പാര്‍ട്ടി ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്.
റാലികള്‍ കൂടാതെ, രാഷ്ട്രീയത്തിന് പുറത്തുള്ള പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകള്‍, ശില്പശാലകള്‍, ഗൃഹസമ്പര്‍ക്കം, മറ്റ് ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ബിജെപി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രചരണങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ല എന്നാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.