ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക് അംബാസിഡറെ പോലെയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാക് അംബാസിഡറെ പോലെ എല്ലാ ദിവസവും മോദി പാകിസ്താനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രശ്നങ്ങളും മോദി ചർച്ച ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു.
എന്തിനാണ് എപ്പോഴും പാകിസ്താനുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കു. ഞങ്ങൾക്ക് പാകിസ്താനാകാൻ താൽപര്യമില്ല. ഞങ്ങൾ ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നു മമത പറഞ്ഞു. ആരെങ്കിലും തൊഴിൽ തരാൻ ആവശ്യപ്പെട്ടാൽ മോദി പാകിസ്താനിലേക്ക് പോകാൻ പറയും. വ്യവസായങ്ങൾ ഇല്ലെന്ന് പരാതിപ്പെട്ടാലും പാകിസ്താനിലേക്ക് പോകാൻ പറയും. എല്ലായിപ്പോഴും പാകിസ്താനെ കുറിച്ച് പറയാതെ ഇന്ത്യയെ കുറിച്ച് മോദി സംസാരിക്കണമെന്ന് മമത വ്യക്തമാക്കി.
ഇന്ത്യയെപോലെ സമ്പന്നമായ സംസ്കാരവും പൈതൃകവുമുള്ള രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യാൻ മോദിക്ക് എങ്ങനെ സാധിക്കുന്നുവെന്നും മമത ചോദിച്ചു. ബംഗാളിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മമത രംഗത്തെത്തിയത്.