തെഹ്‌രാന്‍ : ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാന്റെ വധത്തില്‍ കടുത്ത പ്രതികാരമുണ്ടാവുനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി.
സുലൈമാനി കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം തുറന്നു വെച്ച പാത തടസ്സപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൊലപാതകത്തിനു കാരണക്കാരായവരെ കടുത്ത പ്രതികാരമാണ് കാത്തിരിക്കുന്നതെന്നാണ് ഖമേനി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒപ്പം സുലൈമാനിയുടെ മരണത്തില്‍ മൂന്ന് ദിവസത്തെ ദുഖാചാരണം ഉണ്ടാവുമെന്നും ഇദ്ദേഹം അറിയിച്ചു.
ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സേനയിലെ രഹസ്യ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തില്‍ ഇറാന്‍ ശക്തമായി പ്രതികരിക്കുമെന്നാണ് സൂചനകള്‍. യു.എസ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇറാനില്‍ യു.എസിനെ പ്രതിനിധീകരിക്കുന്ന സ്വിസ് എംബസി പ്രതിനിധിയെ വിളിച്ചു വരുത്തുമെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി പ്രതിനിധി അബ്ബാസ് മൊസാവി അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് ഖാസിം സുലൈമാനിയും ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് [പി.എം.എഫ്] ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നത്.
ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
ആക്രമണത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സുലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് യു.എസ് സൈനിക മേധാവി പെന്റഗണ്‍ അറിയിച്ചു.
ഇറാഖിലുള്‍പ്പെടയുള്ള യു.എസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സുലൈമാന്‍ നീക്കം നടത്തുന്നുണ്ടായിരുന്നെന്നും അമേരിക്കയ്ക്കു പുറത്തുള്ള യു.എസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹത്തെ വക വകരുത്തിയതെന്നും പെന്റഗണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം സുലൈമാനിയുടെ മരണവാര്‍ത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെ അമേരിക്കന്‍ പതാകയുടെ ചിത്രം ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ സുലൈമാനി ഇറാന്റെ സൈനിക വളര്‍ച്ചയില്‍ നിര്‍ണായ പങ്കു വഹിച്ചയാളാണ് ഇദ്ദേഹം. 2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി.