തിരുവനന്തപുരം: 2020ന്റെ അവസാനത്തോടെ സി.എഫ്.എല്‍ ബള്‍ബുകള്‍ നിരത്തലാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഫിലമെന്റ് ബള്‍ബുകളും നിര്‍ത്തലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് തോമസ് ഐസക് അറിയിച്ചു.
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകളുടെ തുകയില്‍ 100 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 2020-21 സംസ്ഥാന ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി ടി.എം തോമസ് ഐസകിന്റേതാണ് പ്രഖ്യാപനം.
ഇതോടെ ക്ഷേമപെന്‍ഷന്‍ 1300 രൂപയായി വര്‍ധിക്കും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി ഈ സാമ്പത്തികവര്‍ഷത്തില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.
തീരദേശവികസനത്തിന് 1000 കോടി രൂപ മാറ്റിവെക്കും. പ്രവാസിക്ഷേമത്തിന് 90 കോടി രൂപ വകയിരുത്തും.
സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്കാണ് സഹായം നല്‍കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കൊച്ചിയുടെ സമഗ്ര വികസനം സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട. അതനുസരിച്ച് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.
കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ അനുവദിച്ചു.