പണ്ടൊക്കെ കാശുള്ളവരുടെ മാത്രമായുള്ള ഒരാഡംബര വസ്തുവായിരുന്നു ഫ്രിഡ്ജ് എങ്കില്‍ ഇന്ന് ഫ്രിഡ്ജ് ഇല്ലാതെ ഒരു ജീവിതം സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.
സാധാരണയായി നാം ഫ്രിഡ്ജിലും ഫ്രീസറിലുമായിട്ടാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാറുള്ളത്. അതില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ രണ്ട് ആഴ്ച വരെയും ഫ്രിഡ്ജിലേത് മൂന്ന് ദിവസങ്ങള്‍ വരെയും മാത്രമേ ഉപയോഗിക്കാവൂവെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം ചൂടാക്കിയശേഷം വീണ്ടും ഫ്രിഡ്ജില്‍വെച്ചിട്ട് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മാത്രമല്ല പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഭക്ഷണപാത്രം തുറന്നുവയ്ക്കാതെ അടച്ചുതന്നെ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അങ്ങനെ ചെയ്തില്ലെങ്കില്‍ ഭക്ഷണത്തിന്‍റെ ഈര്‍പ്പം നഷ്ടപ്പെട്ട് അത് കേടാവാനുള്ള സാധ്യത കൂടുതലാണ് അതുപോലെതന്നെ പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഒരേ റാക്കില്‍ സൂക്ഷിക്കുന്നതും അത്രനല്ലതല്ല.
ഇറച്ചി, മീന്‍ തുടങ്ങി മത്സ്യമാംസാദികള്‍ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക കവറുകളിലാക്കി നന്നായി പൊതിഞ്ഞ ശേഷം വേണം വയ്ക്കാന്‍. അതുപോലെ മുട്ടകള്‍ വയ്ക്കുമ്പോള്‍ ഫ്രീസറിന്‍റെ തൊട്ടുതാഴെ വയ്ക്കുന്നത് നല്ലതല്ല. കാരണം തണുപ്പ് കൂടി മുട്ട പൊട്ടാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ മുട്ട ഫ്രിഡ്ജിന്‍റെ മധ്യ ഭാഗത്തായി സൂക്ഷിക്കുന്നതാണ് നല്ലത്. തൈര്, വെണ്ണ, പാല്‍, ചീസ് മുതലായവ തണുപ്പ് കൂടുതലുള്ള ഫ്രിഡ്ജിന്‍റെ മുകള്‍ തട്ടിലാണ് സൂക്ഷിക്കേണ്ടത്.
കൂടാതെ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം തരംതിരിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. പച്ചക്കറികള്‍ തണുപ്പ് കുറവുള്ള ഏറ്റവും താഴത്തെ തട്ടില്‍ സൂക്ഷിക്കണം.
ഫ്രിഡ്ജില്‍ സാധനങ്ങള്‍ കുത്തിനിറക്കാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കണം മാത്രമല്ല ആഴ്ചയില്‍ ഒരു ദിവസം ഫ്രിഡ്ജ് മുടങ്ങാതെ വൃത്തിയാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.