ദുബായ്: യുഎഇ നിക്ഷേപകർക്ക് നികുതിയിളവുകളുമായി ഇന്ത്യ. അടിസ്ഥാന സൗകര്യമേഖലയിൽ യുഎഇയിലെ എല്ലാ നിക്ഷേപ സ്ഥാപനങ്ങൾക്കും നികുതി ഇളവുകൾ നൽകാനാണു തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലോ ഏതെങ്കിലും സംസ്ഥാനത്തോ ആകർഷക വ്യവസ്ഥയിൽ നിക്ഷേപങ്ങൾ തുടങ്ങാൻ ഇത് അവസരമൊരുക്കും.കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തമാകാൻ ഇതു സഹായകമാകുമെന്നു യുഎഇ ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു. ഭാവിയിൽ കൂടുതൽ സംരംഭങ്ങൾക്ക് ഇളവുകൾ പരിഗണനയിലാണ്. അടുത്തവർഷം ഏപ്രിൽ ഒന്നിന് ഇതു പ്രാബല്യത്തിൽ വരും. 2024 മാർച്ച് 31 വരെ തുടങ്ങുന്ന സംരംഭങ്ങൾക്കാണ് ഇളവു നൽകുക. 3 വർഷമെങ്കിലും നിക്ഷേപം നടത്തുകയും വേണം.