ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.
‘വിക്രം’ എന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികൾ വൈകീട്ട് 5.45-ന് ആരംഭിച്ചു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽനിന്നാണ് ലാൻഡറിന് നിർദേശങ്ങൾ നൽകിയത്. വൈകീട്ട് 6.04-ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി.
ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് മാർക്ക് -3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് വേർപെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഓഗസ്റ്റ് 20-ന് പുലർച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റർ) ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തിൽനിന്ന് 70 കിലോമീറ്റർ ഉയരത്തിൽ വെച്ച് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറയും (എൽ.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാൻഡർ ഇമേജർ ക്യാമറ 4-ഉം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz





































