ബീജിംങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 170 ആയി. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് 37 പേര്‍ കൂടി മരണപ്പെട്ടിരിക്കുന്നത്. ഒപ്പം പുതുതായി 1731 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 7711 ആയി.
കൊറോണ വൈറസ് ചൈനയക്ക് പുറമെ മറ്റു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇന്ന് യോഗം ചേരും.
കൊറോണ വൈറസിനെ തുരത്തുന്നതില്‍ ലോകം ജാഗരൂകരായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയ്ക്ക് നിലവില്‍ ലോകത്തിന്റെ പിന്തുണ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ കഴിഞ്ഞ ആഴ്ച ചൈന സന്ദര്‍ശിച്ച ശേഷം അറിയിച്ചിരുന്നു.
കൊറോണ വൈറസ് എങ്ങനെ മറ്റുള്ളവരിലേക്ക് പടരുന്നു എന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി അന്താരാഷ്ട്ര മെഡിക്കല്‍ ടീമിനെ ചൈനയിലേക്കയക്കുമെന്ന് ലോകാരോഗ്യ സംഘടനാംഗമായ ഡോ.റയാന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ നിയന്ത്രണവിധേയമാക്കാന്‍ പുതിയ നീക്കവുമായി ആസ്ട്രേലിയ രംഗത്തെത്തിയിരുന്നു.
കൊറോണ വൈറസിനെ പുനസൃഷ്ടിച്ച് അതിന്റെ വിവിധ ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാനാണ് ആസ്ത്രേലിയന്‍ മെഡിക്കല്‍ വിദഗ്ദരുടെ തീരുമാനം. നേരത്തെ കൊറോണ വൈറസ് ശൃംഖലയില്‍ പെട്ട ഒരു വൈറസിനെ ചൈന പുനസൃഷ്ടിച്ചിരുന്നു.
മെല്‍ബണിലെ ലാബില്‍ കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്നും ശേഖരിച്ച വൈറസിന്റെ വളര്‍ച്ച നിരീക്ഷിച്ചു വരുകയായിരുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലെ നിര്‍ണായക നീക്കമാണിതെന്നാണ് ആസ്ട്രേലിയന്‍ ഡോകടര്‍മാര്‍ അവകാശപ്പെടുന്നത്.
കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ പറ്റാത്തതിനുള്ള പ്രധാന കാരണം വൈറസ് ഒരാളുടെ ശരീരത്തിലെത്തിയ ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ്. ആ ഘട്ടത്തിലാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുക.
കൊറോണ വൈറസിനെ ലാബില്‍ പുനസൃഷ്ടിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നും കരുതുന്നു.
അതേ സമയം എങ്ങനെയാണ് കൊറോണ വൈറസ് പകരുന്നത് എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ആശയക്കുഴപ്പമുണ്ട്.