ന്യൂദല്‍ഹി: ദല്‍ഹി നിര്‍ഭയ കൂട്ടലൈംഗികാക്രമണക്കേസില്‍ വധശിക്ഷ വൈകും. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതോടെയാണ് ഇത്.
ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്കു ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളിയതോടെ നാല് പ്രതികളെയും ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെ തന്നെ ജുവനൈല്‍ ആയി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വിചാരണ ചെയ്യേണ്ടിയിരുന്നതെന്നുമാണ് ഹരജിയിലെ വാദം.
വിചാരണക്കോടതിയ്ക്ക് മുമ്പാകെ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍, സുപ്രിം കോടതിയില്‍ ഹരജി നല്‍കിയ കാര്യം അറിയിച്ചു. ഇതുകൂടി കേട്ടതിന് ശേഷമാണ് കോടതി ഫെബ്രുവരി ഒന്നിലേക്ക് മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.