ന്യൂഡല്‍ഹി: കഴിഞ്ഞ 7 വര്‍ഷമയി ന്യായപീഠത്തിന്‍റെ പടികള്‍ കയറിയിറങ്ങുന്ന നിര്‍ഭയയുടെ അമ്മയ്ക്ക് ഇനി ആശ്വസിക്കാം. തന്‍റെ മകളുടെ ഘാതകരുടെ ജീവന്‍ ജനുവരി 22ന് കഴുമരത്തില്‍ അവസാനിക്കും.ഇന്നാണ് ഡല്‍ഹി പട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 22ന് 7 മണിക്ക് നാലുപേരെയും തൂക്കിലേറ്റും. കേസില്‍ ശിക്ഷ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം മുന്നില്‍ക്കണ്ട് നിര്‍ഭയയുടെ അമ്മ ഹര്‍ജിയുമായി ഡല്‍ഹി പട്യാല കോടതിയെ സമീപിച്ചിരുന്നു. പ്രതികളുടെ വധ ശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
ജനുവരി 7 വരെയായിരുന്നു Mercy Petition സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്.അതേസമയം, കഴിഞ്ഞ ഡിസംബറില്‍ കൊലക്കയറില്‍നിന്നും രക്ഷപെടാന്‍ പവന്‍ ഗുപ്ത നടത്തിയ അവസാന ശ്രമവും പാഴായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല എന്നു വരുത്തിതീര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്. എന്നാല്‍ പ്രതി കോടതിയെ കബളിപ്പിക്കുകയാണ് എന്ന് കോടതി കണ്ടെത്തുകയും പവന്‍റെ അഭിഭാഷകൻ എ പി സി൦ഗിന് 25,000രൂപ പിഴയും ചുമത്തുകയുമായിരുന്നു.
നിർഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സമര്‍പ്പിച്ചിരുന്ന പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത എന്നിവരുടെ റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി 2018 ജൂലൈയില്‍ തള്ളിയിരുന്നു. ഇതോടെ കേസിലെ പ്രതികൾക്കെല്ലാം വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. 2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നത്. ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ജനുവരി 22ന് തൂക്കിലേറ്റുക.