ലൈംഗികാതിക്രമക്കേസിൽ സിദ്ദിഖിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസിൽ അതിജീവിതയെ നിശബ്‌ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖിൽ നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ബിൽക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹർജി ഉത്തരവ് കോടതി അവസാനിപ്പിച്ചിരിക്കുന്നത്. സിദ്ദിഖിനെതിരേ യുവ നടി നൽകിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമില്ല.

കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. പീഡനക്കേസിൽ അതിജീവിതയെ നിശബ്‌ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖിൽനിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രഥമദൃഷ്ട്‌ടാ തെളിവുണ്ട്. സിദ്ദിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലർക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

എന്നാൽ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ പേരിൽ പരാതിക്കാരിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടാതെ നിരന്തരം ഭീഷണപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദീഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയിൽ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യഹർജിയിലെ വാദപ്രതിവാദത്തിനിടെ പ്രതിയുടെ അഭിഭാഷകൻ പരാതിക്കാരിയെ കടന്നാക്രമിക്കുകയായിരുന്നു. ഇതിനെതിരേയും രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. പരാതിക്കാരിയെ വ്യക്തിഹത്യചെയ്യാൻ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സിദ്ദിഖിന്റെ വൈദ്യപരിശോധനയടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്നും റിമാൻഡിൽ വിടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം സിദ്ദിഖ് പരാതിക്കാരിക്കെതിരേ ഡി.ജി.പിക്ക് നൽകിയ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സിദ്ദീഖ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽനിന്ന് തന്നെ വ്യക്തമാണെന്നാണ് പ്രോസിക്യൂഷൻ വാദം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരിൻ്റെ അഞ്ച് വർഷത്തെ നിശബ്‌ദത ദുരൂഹമാണെന്നും കോടതി ഉത്തരവിൽ വിമർശിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































