gnn24x7

സിഎജി റിപ്പോർട്ടിൽ നടപടിയെടുത്ത് സർക്കാർ

0
209
gnn24x7

തിരുവനന്തപുരം: ഒടുവിൽ സിഎജി റിപ്പോർട്ടിൽ നടപടിയെടുത്ത് സർക്കാർ. പൊലീസിന്റെ പർച്ചേസിന് കടിഞ്ഞാണിടാൻ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചു. സിഎജി റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിനും പൊലീസ് മേധാവിക്കുമെതിരേ രൂക്ഷ വിമർശനം ഉയർന്നത് പർച്ചേസ് മാനദണ്ഡങ്ങൾ മറികടന്നുള്ള ഇടപാടുകളുടെ പേരിലായിരുന്നു.

റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരാണ് കമ്മിഷൻ അധ്യക്ഷൻ. പോലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടേയും അധ്യക്ഷനാണ് അദ്ദേഹം. മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരും കമ്മിഷൻ അംഗങ്ങളാകും.

പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്തവും സവിശേഷതകള്‍ ഉള്ളതുമാണ്. സുരക്ഷാ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പല പര്‍ച്ചേസുകളും പോലീസ് വകുപ്പിന് നടത്തേണ്ടിവരുന്നത്. നിലവിലെ ചട്ടങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നത് സുരക്ഷയുടെ കോണില്‍ നിന്ന് നോക്കുമ്പോള്‍ പലപ്പോഴും കാലതാമസം വരുത്തുന്നതാണ്. സിഎജിയുടെ പരാമര്‍ശങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ വകുപ്പുകളില്‍ പര്‍ച്ചേസുകള്‍ നടത്താനും സേവന കരാറുകള്‍ ഉറപ്പിക്കാനും ടോട്ടല്‍ സൊലുഷന്‍ പ്രൊവൈഡേഴ്സിനെ (ടിഎസ്പി) നിയോഗിക്കുന്ന രീതി വിശദമായി പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്ന് സീനിയര്‍ സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിച്ചു. ധനകാര്യം, ആഭ്യന്തരം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി വകുപ്പിന്‍റെ സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ടിഎസ്പി രീതിയില്‍ പര്‍ച്ചേസുകള്‍ നടത്തുന്നതും സേവനകരാറുകള്‍ ഉറപ്പിക്കുന്നതും. കെല്‍ട്രോണ്‍, സിഡ്കോ എന്നീ സ്ഥാപനങ്ങള്‍ ടിഎസ്പിയായി പ്രവര്‍ത്തിച്ചിട്ടുള്ള കരാറുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here