ചെന്നൈ: ക്രിസ്മസ് സീസണിൽചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഡിസംബർ 15നു ശേഷംനിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികൾ നിരക്ക് ഉയർത്തിയത്ചെന്നൈ, ബെംഗളൂരു മലയാളികൾക്ക് തിരിച്ചടിയായി. സ്വകാര്യ ബസുകളിലെ വൻകൊള്ളയിൽനിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാർഗം യാത്രയ്ക്കൊരുങ്ങിയവർ നിരാശരായി.
വ്യാഴാഴ്ചത്തെ നിരക്ക് അനുസരിച്ച് ബെംഗളൂരുവിൽനിന്ന്കൊച്ചിയിലെത്താൻ 4889 രൂപ നിരക്കിൽ നാലംഗ കുടുംബത്തിന് 20,000 രൂപയിൽ താഴെ മാത്രം മതി. എന്നാൽ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കിൽ ബുക്കിങ് നിരക്കു തുടങ്ങുന്നതുതന്നെ 9889 രൂപ മുതലാണ്. അതായത് നാലംഗ കുടുംബം യാത്രചെലവുകൾക്കു മാത്രമായി 40,000 രൂപയെങ്കിലും കണ്ടെത്തണം.
സ്വകാര്യ ബസ് കമ്പനികളെ പോലെതന്നെ തിരക്കുനോക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണു വിമാന കമ്പനികളും. സമാനഅവസ്ഥയാണു ചെന്നൈയിൽനിന്നും ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും.
ഡിസംബർ 23ന് മുംബൈയിൽനിന്നു കൊച്ചിയിലേക്ക് നോൺ സ്റ്റോപ് വിമാനങ്ങളിൽ 26,000 രൂപ മുതൽ 31,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് നാലുപേർ അടങ്ങുന്ന കുടുംബത്തിന് ഒരു ദിശയിലേക്ക് ലക്ഷത്തിലേറെ രൂപയാകും. ഉത്സവകാലം മുൻകൂട്ടി കണ്ട് ഇപ്പോഴേ ഇരട്ടിത്തുകയാണു ബുക്കിങ് ആപ്പുകൾ ഈടാക്കുന്നത്.





































