വർധിപ്പിച്ച നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി. അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്. ഇക്കാര്യം ചർച്ചചെയ്യാമെന്നും സുധാകരൻ വ്യക്തമാക്കി.
2014 ൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയൻ നടത്തിയ ആ പരാമർശത്തെ ഓർമിപ്പിക്കാനാണ് നികുതി ബഹിഷ്കരിക്കാൻ പറഞ്ഞത്. നികുതി ബഹിഷ്കരിക്കണം, ഞങ്ങളുടെ പാർട്ടി സംരക്ഷണം തരും എന്ന് പിണറായി പറഞ്ഞ വാക്ക് ഞാൻ ആവർത്തിച്ചു. അന്നുണ്ടായിരുന്ന ബാധ്യത അല്ല ഇന്ന്. ഇന്ന് പാവപ്പെട്ടവന്റെ തലയിൽ കെട്ടിവച്ചിരിക്കുന്നത് ധൂർത്തടിക്കാൻ മാത്രം 4,000 കോടി രൂപയാണെന്ന് ഓർക്കണം.
ഹർത്താലേ വേണ്ടെന്ന് വച്ചുളളൂ. മറ്റ് സമരങ്ങളൊന്നും വേണ്ടായെന്ന് വച്ചിട്ടില്ല. സമരമാർഗത്തിൽ പോകണ്ടിവന്നാൽ പോകും. പാർട്ടിതലത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കും അതിന് തർക്കമില്ല. ഈ അധിക നികുതി പിണറായി വിജയന്റെ സർക്കാരിനു കൊടുക്കണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് ആർക്കാണ് ആഗ്രഹമുളളത്. ഏത് പാർട്ടിക്കാണ് ആഗ്രഹമുളളത് എല്ലാ പാർട്ടിയും എതിരല്ലേ. ആ എതിരിന്റെ വികാരം ഞാൻ പ്രകടിപ്പിച്ചുവെന്നു മാത്രം.
പ്രതിപക്ഷ നേതാവ് ജനങ്ങൾക്ക് നികുതി അടയ്ക്കാതിരിക്കാനാകില്ല എന്നു പറയുന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. മറ്റ് സമരങ്ങളൊന്നും വേണ്ടായെന്ന് വച്ചിട്ടില്ല. സമരത്തിന് ഒരുപാട്മുഖങ്ങളുണ്ട്. അതിൽ ഓരോ സമരമുഖങ്ങളായി തുറക്കും. ഇന്ത്യയിൽ സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ നികുതിലംഘനസമരം നടന്നിട്ടുളള രാജ്യമാണ്.ജനാധിപത്യസംവിധാനത്തിൽ അത് നിഷേധിക്കാൻ സാധിക്കില്ല. സമരത്തിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയെ കരിക്കൊടി കാട്ടിയ നാലുപേരെ അറസ്റ്റ് ചെയ്തു. ഈ സമരത്തിൽ മുഖ്യമന്ത്രിയെ തെരുവിലും ഓഫിസിലും ഭരണരംഗത്തും നേരിടും. ഈ നികുതി നിർദേശങ്ങൾ കോൺഗ്രസ് അംഗീകരിക്കില്ല. നാളെ ചേരുന്ന കെപിസിസി യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ചചെയ്യമെന്നും സുധാകരൻ വ്യക്തമാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ




































