ആര്യങ്കാവിൽ മായം ചേർത്ത പാൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണുള്ലത്. ജനുവരി 11നാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാൽ ടാങ്കർലോറി ക്ഷീരവികസന വകുപ്പ് പിടികൂടിയത്.
അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. ലോറിയിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. പന്തളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവർ വിശദമാക്കിയത്. നേരത്തെ സാംപിൾ വൈകി ശേഖരിച്ചു പരിശോധിച്ചതിനാൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിയുമോയെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സംശയം പ്രകടിപ്പിച്ചിരുന്നു.
പുലർച്ചെ അഞ്ചരയ്ക്കാണ് ക്ഷീരവികസന വകുപ്പ് ആര്യങ്കാവ് ചെക്പോസ്റ്റിൽ വച്ച് തമിഴ്നാട്ടിൽ നിന്നും വന്ന ലോറി പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ അധികാരമില്ലാത്തതിനാൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിനെ അറിയിച്ചു. എന്നാൽ നാല് മണിക്കൂറിന് ശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇതിന് ശേഷമാണ് സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88





































