സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 341 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്. 26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് മുന്നിൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളിൽ യുഡിഎഫിന്റേത് അമ്പരപ്പിക്കുന്ന മുന്നേറ്റം. ആറു കോർപ്പറേഷനുകളിൽ നാലിടത്തും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണി ഭരണമുറപ്പിച്ചു. കഴിഞ്ഞ തവണ ഒരിടത്താണ് യുഡിഎഫിന് ഭരണമുണ്ടായിരുന്നത്, കണ്ണൂരിൽ മാത്രം. കണക്കുകൂട്ടലുകളെ മറികടന്ന് കൊല്ലം, തൃശ്ശൂർ കോർപ്പറേഷനുകളിൽ പോലും യുഡിഎഎഫിന്റേ്റേത് വൻ മുന്നേറ്റമാണ്. ആറിൽ ഒരിടത്തുമാത്രമാണ് എൽഡിഎഫിന് സാധ്യതയുള്ളത്. കോഴിക്കോട് ഏറ്റവും വലിയ ഒറ്റകക്ഷിയായ എൽഡിഎഫിന് ഭൂരിപക്ഷത്തിന് നാല് സീറ്റിന്റെ കുറവുണ്ട്. ഇവിടെയും എൽഡിഎഫിനെ യുഡിഎഫ് നന്നായി വെള്ളംകുടിപ്പിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 50 സീറ്റുകളാണ് എൻഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്. വിഴിഞ്ഞത്തെ സ്വതന്ത്രസ്ഥാനാർഥിയുടെ മരണത്തേത്തുടർന്ന് കോർപ്പറേഷനിൽ 100 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 50 ഇടത്ത് ബിജെപി വിജയമുറപ്പിച്ചു. 29 സീറ്റുമായി എൽഡിഎഫ് രണ്ടാമതും 19 സീറ്റുമായി കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി മൂന്നാമതുമുണ്ട്. വിജയിച്ച രണ്ടുപേർ സ്വതന്ത്രരാണ്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.































