കോഴിക്കോട്: അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്കാണ് കുഞ്ഞു മാധവ് മടങ്ങിയെത്തിയത്. ഇവർ ഇനി ഒരിക്കലും തനിക്കൊപ്പം ഉണ്ടാകില്ലെന്നും ആ കുരുന്നിന് അറിയില്ല. നേപ്പാളിൽ മരിച്ച കോഴിക്കോട് സ്വദേശികളായ രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും മൂത്ത മകനാണ് ഏഴു വയസുകാരനായ മാധവ്. രണ്ട് കുടുംബങ്ങളിലെ എട്ട് പേർ മരിച്ച അപകടത്തിൽ ഒരു കുടുംബത്തിൽ ബാക്കിയായത് മാധവ് മാത്രമാണ്. കുഞ്ഞനിയനായ രണ്ട് വയസുകാരൻ വൈഷ്ണവും ദുരന്തത്തിൽ മരിച്ചിരുന്നു.
നേപ്പാളിൽ താമസിച്ചിരുന്ന റിസോർട്ട് മുറിയിലെ ഹീറ്റർ പ്രവർത്തിക്കാത്തതിനെ തുടര്‍ന്നായിരുന്നു രഞ്ജിത്തും കുടുംബവും അപകടമുണ്ടായ മുറിയിലേക്ക് മാറിയത്. നല്ല ഉറക്കത്തിലായിരുന്നതിനാൽ മാധവിനെ ഒപ്പം കൂട്ടിയിരുന്നില്ല. എന്നാൽ ആ ഉറക്കത്തിൽ നിന്നും അവൻ ഉണർന്നത് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത ലോകത്തേക്കായിരുന്നു. അവർക്കുണ്ടായ ദുരന്തം മനസിലാക്കാൻ പോലുമുള്ള പ്രായം കുഞ്ഞിനായിട്ടില്ല എന്നതാണ് ബന്ധുക്കളുടെയടക്കം ഉള്ളു പൊള്ളിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കാഠ്മണ്ഡുവിൽ നിന്ന് സംഘത്തിൽ ഒപ്പമുണ്ടായിരുന്നവർക്കൊപ്പം മാധവ് ഡല്‍ഹിയിലെത്തിയത്. അമ്മയായ ഇന്ദുവിന്റെ സഹോദരി ഭർത്താവ് കുട്ടിയെ കാത്ത് ഇവിടെ നിൽപ്പുണ്ടായിരുന്നു. ഇയാൾക്കൊപ്പമാണ് രാത്രി പത്തു മണിയോടെ കോഴിക്കോട്ടെത്തിയത്. മാതാപിതാക്കളെ അന്വേഷിക്കുന്നുണ്ടെങ്കിലും ബന്ധുക്കൾ ഓരോന്നും പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് കാഠ്മണ്ഡുവിലെ ത്രിഭുവൻ ആശുപത്രിയിൽ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന രഞ്ജിത്തിന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാളെ പന്ത്രണ്ട് മണിയോടെ കോഴിക്കോടെത്തിക്കും.