gnn24x7

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

0
282
gnn24x7

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു.ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന പ്രതാപ് പോത്തൻ മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടി രാധിക ശരത് കുമാർ മുൻ ഭാര്യ ആയിരുന്നു. 1952ൽ തിരുവനന്തപുരത്തെ ഒരു വ്യവസായ കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

1978 ൽ പുറത്തിറങ്ങിയ “ആരവത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു. ഭരതൻ ചിത്രം ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.

ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്.മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം സിവപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here