നാട്ടിലും വിദേശത്തുമുള്ള മലയാളികളുടെ അടുക്കളകളിൽ നിറ സാനിധ്യമായ പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും മായം ചേർന്നതെന്ന് റിപ്പോർട്ട്. ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റ് തന്നെ സാക്ഷ്യപ്പെടുത്തുകയാണ് കേരളത്തിലെ പല ബ്രാൻഡഡ് കറി പൗഡറുകളും മായം കലർന്നതാണെന്ന്.

കറി പൗഡറിൽ മാത്രമല്ല, വെളിച്ചെണ്ണ തുടങ്ങി കുടിവെള്ളത്തിൽ പോലും മായം കലർത്തിയാണ് വിൽപ്പന. പല വമ്പൻ ബ്രാൻഡുകളുടെയും സ്ഥിതി ഇതു തന്നെയാണ്. മായം കലർത്തലിൽ പിടിക്കപ്പെടുന്ന കമ്പനികൾക്ക് കാര്യമായ ശിക്ഷയില്ലാത്തത് ഈ നിയമ ലംഘനം ആവർത്തിക്കാൻ കാരണമാകുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ തന്നെ നൽകിയ വിവരാവകാശ രേഖകളിലാണ് പല പ്രമുഖ ബാൻഡുകളും തട്ടിപ്പ് നടത്തുന്നതെന്ന് വ്യക്തമായത്.

കിച്ചൺ ട്രഷേഴ്സ്, അജ്മി, ഈസ്റ്റേൺ, ബ്രാഹ്മിൻസ്, നിറപറ, സാറാസ്, കെ.പി. കറി പൗഡർ, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സ്, ഡെവൺ, വിശ്വാസ്, നമ്പർ വൺ, സൂപ്പർ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പൻ, പാണ്ടാ, തൃപ്തി, സാസ്കോ, മംഗള, മലയാളി, ആർസിഎം റെഡ് ചില്ലിപൗഡർ, മേളം, സ്റ്റാർ ബാൻഡ്, സിൻതൈറ്റ്, ആസ്കോ, കെ.കെ.ആർ, പവിഴം, ഗോൾഡൻ ഹാർവെസ്റ്റ്, തേജസ്, യുസിപി, ഗ്രാൻഡ്മാസ്, സേവന, വിൻകോസ്, മോർ ചോയ്സ്, ഡബിൾ ഹോഴ്സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആൽഫാ ഫുഡ്സ് ഫൈവ് സ്റ്റാർ, മലയോരം പൈസസ്, എ വൺ, അരസി, അൻപ്, ഡേ മാർട്ട്, ശക്തി, വിജയ്, ഹൗസ് ബാൻഡ്, അംന, പോപ്പുലർ എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലർന്നിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയിൽ വ്യക്തമായത്.

ഈ കമ്പനികളുടെ മുളകുപൊടി, കാശ്മീരി മുളകു മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല എന്നിവയിലാണ് മായമുള്ളത്. ഓരോ ജില്ലകളിൽ നിന്നും ലഭിച്ച കണക്കുകളാണിത്. ഈസ്റ്റേൺ, കിച്ചൺ ട്രഷേഴ്സ്, നിറപറ, ആച്ചി എന്നിവയുടെ ഏതാണ്ട് എല്ലാ ജില്ലകളിലെയും വിൽക്കാനെത്തിക്കുന്ന സാമ്പിളുകൾ പരിശോധിച്ചതിൽ മായം കലർന്നിട്ടുണ്ട്.പവിത്രം നല്ലെണ്ണ, ആർ.ജി ജിഞ്ചിലി ഓയിൽ, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ, സ്റ്റാർ ഓയിൽ, തങ്കം ഓയിൽസ് എന്നിവയാണ് മായം കലർന്നിട്ടുള്ള എണ്ണ ഉൽപന്നങ്ങൾ.

കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള ബ്ലൂമിങ്, ബേസിക്സ്, ട്രീറ്റ് അക്വ, വഫാറ, എലിറ്റ, അക്വ വയലറ്റ്, അക്വ ബ്ലൂ, മൈമൂൺ, ഐവ എന്നിവയാണ് ഉപയോഗ ശൂന്യമായ കുപ്പിവെള്ളം. കഴിഞ്ഞ മൂന്നര വർഷമായി നടത്തിയ പരിശോധനകളുടെ ഫലമാണിത്.