വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ. ആന, കുരങ്ങ് ഉൾപ്പെടെയുള്ള ജീവികളിൽ നിന്നും മനുഷ്യർക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 2011-ലാണ് അവസാനമായി കടുവകളുടെ കണക്ക് എടുത്തത്. അതിൽ നിന്നും വർധനവ് ഉണ്ടായിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. കടുവകളുടെ പെരുപ്പം ഉൾക്കൊള്ളാൻ ഉള്ള ശേഷി കാടിനും കുറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ ഉള്ള നടപടികൾ തുടങ്ങി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കടുവകളെ വയനാടൻ കാട്ടിൽനിന്നും മാറ്റേണ്ടതുണ്ട്. താരതമ്യേന കടുവകൾ കുറഞ്ഞ സ്ഥലങ്ങളിലേക്ക് കടുവകളെ പുനരധിവസിപ്പിക്കാൻ ഉള്ള നടപടികൾ ഉടൻ സ്വീകരിക്കും. നെയ്യാർ, പറമ്പിക്കുളം വന്യജീവിസാങ്കേതങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യും. ഇതര സംസ്ഥാനങ്ങളോടും ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. കടുവകളെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. സാമാന്തരമായി ചെന്നൈയിലെ ഒരു ഏജൻസിയുമായി സഹകരിച്ച് കടുവകളുടെ നിലവിലെ എണ്ണം കണ്ടെത്താൻ ഉള്ള സെൻസസും നടത്തും- മന്ത്രി കൂട്ടിച്ചേർത്തു.
ആന, കടുവ, കുരങ്ങ് എന്നിവയുടെ വംശവർധന തടയാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആനയെ ആഫ്രിക്കൻ രാജ്യങ്ങളിൽ വന്ധ്യംകരണം നടത്തുന്നുണ്ട്. ഇക്കാര്യം നമ്മുടെ നാട്ടിൽ അവലംബിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തും. കാട്ടുകുരങ്ങിനെ വന്ധ്യംകരണം ചെയ്യാൻ വയനാട്ടിലെ നിലവിലെ ആശുപത്രിയിൽ സൗകര്യം ഒരുക്കും. ഇതിന് മറ്റു വകുപ്പുകളുടെ സഹായം കൂടി തേടുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
കാട്ടിൽ ജല ലഭ്യതയും ഭക്ഷണവും കുറഞ്ഞതാണ് കടുവ നാട്ടിൽ ഇറങ്ങാൻ കാരണമെന്ന് പറയുന്നു. കാട്ടിൽ ജല ലഭ്യത ഉറപ്പാക്കാൻ കുളങ്ങൾ നിർമ്മിക്കും. കാടിന്റെ ഭക്ഷണശൃംഖല തകർക്കുന്ന മരങ്ങൾ മാറ്റുകയാണ് മറ്റൊരു നടപടി. നേരത്തെ വെച്ചുപിടിപ്പിച്ച തേക്ക്, അക്കേഷ്യ, മഞ്ഞക്കൊന്ന എന്നീ മരങ്ങളാണ് ഭീഷണി. ആകെ 786 ഹെക്ടറിൽ മഞ്ഞക്കൊന്ന നശിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രിപറഞ്ഞു. നോർത്ത് വയനാട് ഡിവിഷനിൽ ആണ് ഏറ്റവും കൂടുതൽ മഞ്ഞക്കൊന്ന ഉള്ളത്. ഇതിനായി രണ്ടുകോടി രൂപയിൽ അധികം നീക്കി വെച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ ഈ മാസം അവസാനം പൂർത്തിയാക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88





































